കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കൊറോണ വാക്‌സിന്‍ ഡ്രൈ റണ്‍

സംസ്ഥാനത്തു കോവിഡ് വാക്സിന്റെ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും. ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ നടന്ന വാക്‌സിന്‍ ഡ്രൈ റണ്ണിന്റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. വാക്‌സിന്‍ പൊതു ഉപയോഗാനുമതി നല്‍കുന്നതിന് മുന്നോടിയായാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടക്കുന്നത്.

രാവിലെ 9 മുതല്‍ 11 മണി വരെയാകും ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കോവിഡ് വാക്സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തും.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.നിലവില്‍ നിശ്ചയിച്ച വാക്‌സിന്‍ വിതരണരീതിയിലെ പാകപ്പിഴകള്‍ കണ്ടെത്താനാണ് ഡ്രൈ റണ്‍ നടത്തുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സംഭരണത്തിനുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നത്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയിട്ടുള്ളത്. വിതരണ ശൃംഖലകളും തയാറായിക്കഴിഞ്ഞു.