വാങ്ങിയ സിഗരറ്റിന്റെ പണം ചോദിച്ചു ; പൊലീസുകാരനും കൂട്ടുകാരും ചേര്‍ന്ന് കടയുടമസ്ഥനെ കാറിടിച്ചു കൊന്നു

ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗര്‍ ജില്ലയിലെ ബാജ്പുരിലാണ് കടയുടമസ്ഥനെ പൊലീസ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബാജ്പുര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍, ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്ന് പാന്‍ ഷോപ്പ് ഉടമസ്ഥനെ കാറിടിച്ചു കൊല്ലുകയായിരുന്നു. കടയുടമസ്ഥനില്‍ നിന്ന് ഇവര്‍ സിഗരറ്റ് വാങ്ങിയിരുന്നു. ഈ സിഗരറ്റിന്റെ പണം നല്‍കണമെന്ന് കടക്കാരന്‍ ആവശ്യപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കോണ്‍സ്റ്റബിള്‍ പ്രവീണ്‍, സുഹൃത്തുക്കളായ ഗൗരവ് റാത്തോര്‍, ജീവന്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹം കോട് വാലിക്ക് പുറത്തു വെയ്ക്കുകയും പൊലസിനെ എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാഷിപുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ നിന്നുള്ള അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് എസ് എസ് പി അറിയിച്ചു.