പണം തട്ടല്‍ ആരോപണ കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു

മറ്റൊരു നടിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രമുഖ മലയാള നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രിയങ്ക നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയത്. 2004ല്‍ ആണ് പ്രിയങ്ക അറസ്റ്റിലായത്. നടി കാവേരിയില്‍ നിന്ന് ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രിയങ്കയ്‌ക്കെതിരായ കേസ്. ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രിയങ്ക 14 ദിവസം റിമാന്‍ഡിലായിരുന്നു.

ഒരു വാരികയില്‍ മോശം വാര്‍ത്ത വരാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കാവേരിയുടെ പരാതി. ആ സമയത്തു വളരെ തിരക്കുള്ള നടി ആയിരുന്നു കാവേരി. വാര്‍ത്ത വരാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പ്രിയങ്ക ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കാനായി ആലപ്പുഴയിലെ ഒരു സ്റ്റാര്‍ ഹോട്ടലിലേക്ക് പ്രിയങ്കയെ വിളിപ്പിച്ചു. ഇവിടെ വെച്ച് പൊലീസ് എത്തി പ്രിയങ്കയെ അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് പ്രിയങ്കയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്ന് കോടതി മുറിയില്‍ പ്രിയങ്ക കുഴഞ്ഞു വീണത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഈ കേസില്‍ പ്രിയങ്കയ്‌ക്കെതിരെ കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പരാതിക്കാര്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് 2008ല്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ പ്രോസിക്യൂഷന് കാര്യമായ തെളിവ് ഹാജരാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടത്. ജസ്റ്റിസ് രശ്മി ശശിധരനാണ് നടിയെ നിരുപാധികം വെറുതെവിടാന്‍ ഉത്തരവിട്ടത്. അഡ്വക്കേറ്റ് അനന്തഗോപന്‍ ആണ് പ്രിയങ്കയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കോടതി വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക പ്രതികരിച്ചു. തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും മനസ്സിലാകും എന്നാണ് പ്രതീക്ഷയെന്നും കേസ് വന്നതോടെ സിനിമാ രംഗത്ത് നിന്ന് തനിക്ക് ഒഴിവാക്കിയിരുന്നതായും പ്രിയങ്ക പറയുന്നു.