നാഗാലാന്‍ഡ് വെടിവെപ്പ് ; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിക്കാന്‍ സൈന്യം ശ്രമം നടത്തി എന്ന് റിപ്പോര്‍ട്ട്

ഖനിത്തൊഴിലാളികള്‍ക്ക് നേരെ സൈന്യം വെടിവെച്ചത് അകാരണമായെന്ന് നാഗാലാന്‍ഡ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ തല്‍ക്ഷണം മരിച്ചു. ക്യാമ്പിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങള്‍ അസം റൈഫിള്‍സ് ലോറിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീഡിയാ വണ്‍ ആണ് ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടത്. ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞുവരുന്നവര്‍ക്ക് നേരെ സേന അകാരണമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നാഗാലാന്‍ഡ് ഡിജിപിയും കമ്മീഷണറും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 6 പേരാണ്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ 2 പേര്‍ പിന്നീട് മരിച്ചു. ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പരിക്കേറ്റ 8 പേരുടെ നില ഗുരുതരമാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തില്‍ അര്‍ധ സൈനിക വിഭാഗത്തിന്റെ മൂന്ന് വാഹനങ്ങള്‍ കത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം 15 ഗ്രാമീണര്‍ കൊല്ലപ്പെട്ട നാഗാലന്‍ഡിലെ വെടിവെപ്പില്‍ സുരക്ഷാ സേനയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആത്മരക്ഷാര്‍ത്ഥമാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്ന് അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു .

സഭാനടപടികള്‍ നിര്‍ത്തിവച്ചു നാഗാലാന്‍ഡ് വെടിവെപ്പ് ചര്‍ച്ച ചെയ്യണമെന്നാണ് രാവിലെ മുതല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് -തൃണമൂല്‍-സിപിഎം അംഗങ്ങള്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും നല്‍കിയിരുന്നു. അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്നു അറിയിച്ചതോടെയാണ് ലോക്‌സഭ തെല്ലൊന്ന് ശാന്തമായത്. രാജ്യസഭാ പ്രക്ഷുബ്ധമായി തുടര്‍ന്നു. തെറ്റിദ്ധാരണയാണ് മോണ്‍ ജില്ലയിലെ വെടിവെപ്പില്‍ കലാശിച്ചെന്നു അമിത് ഷാ സഭയെ അറിയിച്ചു. തീവ്രവാദികള്‍ എത്തുമെന്നുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ 21 കമാണ്ടോകളെയാണ് വിന്യസിച്ചിരുന്നത്.

പരിശോധന നടക്കുന്ന സമയത്താണ് ഖനിയിലെ തൊഴിലാളികളുമായി വാഹനം കടന്നുവരുന്നത്. തീവ്രവാദികളാണെന്നു തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. വാഹനത്തിലുണ്ടായിരുന്ന 8 പേരില്‍ 6 പേരും മരിച്ചു. സംഭവമറിഞ്ഞു നാട്ടുകാര്‍ അസം റൈഫിള്‍സ് ക്യാമ്പ് വളഞ്ഞ് ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പല ഘട്ടങ്ങളായി നടന്ന ഏറ്റുമുട്ടലില്‍ 8 ഗ്രാമീണരും ഒരു സൈനികനും മരിച്ചെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ശനിയാഴ്ച രാത്രിയില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചത്. പല ഭാഗത്തും ഹര്‍ത്താലും തുടരുകയാണ്. ഗ്രാമീണരെ കൊലപ്പെടുത്തിയ സൈനികര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സൈനിക ക്യാമ്പിലടക്കം വിന്യസിച്ചിരിക്കുകയാണ്. കൊഹിമയിലെ സൈനിക ക്യാമ്പില്‍ പ്രതിഷേധവുമായി ഇന്നും നാട്ടുകാരെത്തി. ഇതിനിടെ കോണ്‍ഗ്രസ് സംഘം സംഘം നാഗാലാന്‍ഡ് സന്ദര്‍ശിക്കും. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാന്‍ഡിന്റെ ചുമതലയുള്ള അജോയ് കുമാര്‍ ഗൗരവ് ഗൊഗോയി എന്നിവരോടൊപ്പം ആന്റോ ആന്റണി എംപിയും സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സമിതി സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.

വെടിവയ്പ്പ് സംഭവത്തില്‍ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാഗാലാന്‍ഡ് വെടിവെപ്പില്‍ സൈന്യത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം. മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജന്‍സ് വീഴ്ച പ്രദേശവാസികളുമായ നടന്ന സംഘര്‍ഷം അടക്കമുള്ള കാര്യങ്ങള്‍ സൈന്യം അന്വേഷിക്കും.സൈന്യത്തിനെതിരെ നാഗാലാന്‍ഡ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാസെപ്ഷ്യല്‍ ഫോഴ്‌സിലെ സൈനികര്‍ക്ക് എതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നത്.