മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം’; വെളിപ്പെടുത്തലുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ

കോവിഡ് ഒന്നാം തരംഗത്തില്‍ സര്‍ക്കാര്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ (PPE kit) വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈല. മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം എടുത്തതാണെന്നാണ് കെ കെ ശൈലജയുടെ വെളിപ്പെടുത്തല്‍. മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയമായിരുന്നു ഇത്തരത്തില്‍ ഉള്ള നടപടിയെന്നു ശൈലജ വിശദീകരിക്കുന്നുണ്ടു.

മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത്. അന്വേഷിച്ചപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാന്‍ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു എന്നും കെ കെ ശൈലജ പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട് തെളിയിക്കുന്ന തെളിവുകളാണ് നേരത്തെ പുറത്ത് വന്നത്. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ കൊടുത്തത് 15500 രൂപയ്ക്കാണ്. 5500 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 15500 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്.

ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ 9 കോടി രൂപയും മുന്‍കൂറായി കൊടുക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാറിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്നുമാണ് കെ കെ ശൈലജ പറയുന്നത്. കൊവിഡ് മറയാക്കി അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുന്‍ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്.