RSS നേതാവിനെ പ്രണയിച്ചു വിവാഹം കഴിച്ച CPM പഞ്ചായത്തംഗം സ്ഥാനം രാജിവെച്ചു

ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തത സിപിഎം പഞ്ചായത്ത് അംഗം സ്ഥാനം രാജിവെച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തിലെ ജനപ്രതിനിധി ശ്രീലക്ഷ്മി കൃഷ്ണയാണ് വിവാഹത്തിന് പിന്നാലെ മെമ്പര്‍ സ്ഥാനം രാജിവെച്ചത്. കഴിഞ്ഞദിവസമാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായത്. ഇരുവരും ഒളിച്ചോടിപ്പോയി ആണ് വിവാഹം നടത്തിയത്.

യുവതിയെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇതിനുപിന്നാലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 526 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീലക്ഷ്മി അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞദിവസം ഇവര്‍ രാജി സമര്‍പ്പിച്ചതോടെ പള്ളിക്കര സൗത്തില്‍ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. എന്നാല്‍ ശ്രീലക്ഷ്മിയുടെ രാജി ഭരണകക്ഷിയായ എല്‍ഡിഎഫിന് ഭീഷണിയാകില്ല. തിക്കോടി പഞ്ചായത്തില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്.