മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തില്‍ എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

പ്രമുഖ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ ജീവിതം അപകടത്തിലാണ് എന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. സനല്‍ കുമാറിന്റെ കയറ്റം എന്ന സിനിമയില്‍ മഞ്ജു ആയിരുന്നു നായിക. സിനിമയെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങള്‍ കൂടി വെളിപ്പെടുത്തിയാണ് സനല്‍ ഇന്ന് പോസ്റ്റ് ഇട്ടത്. വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

‘സെക്‌സിദുര്‍ഗ കാണാന്‍ എന്താണ് വഴി എന്ന് ചോദിച്ചുകൊണ്ട് അവര്‍ എനിക്ക് മെസേജ് അയക്കുകയായിരുന്നു. സിനിമ ഇഷ്ടപ്പെട്ടെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും അവര്‍ പറഞ്ഞതോടെയാണ് കയറ്റം എന്ന സിനിമയുടെ ആലോചന ഉണ്ടാകുന്നത്. ഏതാണ്ട് ഒരു മാസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും രണ്ടുപേര്‍ മാത്രം തനിച്ച് ഞങ്ങള്‍ സംസാരിചിട്ട് പോലും ഉണ്ടായിരുന്നില്ല. അവരുടെ സഹായികളായി വന്നതും സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരായി പിന്നീട് മാറിയവരുമായ ബിനീഷ് ചന്ദ്രന്‍, ബിനു നായര്‍ എന്നിവര്‍ ഒരുമിച്ചല്ലാതെ അവരെ കണ്ടിട്ടില്ല. ഹിമാലയത്തില്‍ കയറ്റത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ടെന്റുകളിലാണ് ഉണ്ടായിരുന്നത്. മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്. ചെലവ് ചുരുങ്ങിയ സിനിമ ആയതിനാല്‍ അവര്‍ അങ്ങനെ അഡ്ജസ്‌റ് ചെയ്യുന്നതാണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്’.

സിനിമയുടെ സീനുകള്‍ ചര്‍ച്ചചെയ്യാന്‍ പോലും മഞ്ജുവാര്യരുമായി ഒറ്റയ്ക്ക് സംസാരിച്ചിട്ടില്ല എന്നും സനല്‍ പറയുന്നു. സിനിമ കഴിഞ്ഞപ്പോള്‍ അത് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അക്കാര്യം ഞാന്‍ മഞ്ജുവാര്യരോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമ വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഒന്നും വിജയിക്കുന്നില്ല എന്നും അവര്‍ എന്നോട് പറഞ്ഞു. എനിക്ക് മഞ്ജുവാര്യരെ കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ബിനു നായരോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ എന്നെ ബിനീഷ് ചന്ദ്രന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാള്‍ക്കൊപ്പമുണ്ടായിരുന്ന മഞ്ജുവാര്യര്‍ എന്നെ അഭിവാദ്യം ചെയ്തു എങ്കിലും എന്തെങ്കിലും സംസാരിക്കുന്നതിനുമുന്‍പ് ‘നമുക്ക് പുറത്തിറങ്ങി സംസാരിക്കാം ചേട്ടാ’ എന്ന് പറഞ്ഞതും സുരക്ഷാഭടന്മാര്‍ അവരെയും കൊണ്ട് മിന്നല്‍ പോലെ പുറത്തിറങ്ങി അവരുടെ കാറിലേക്ക് തള്ളിക്കയറ്റുന്നപോലെ അവര്‍ കയറി. എന്തെങ്കിലും സംസാരിക്കുന്നതിനു മുന്‍പ് കാര്‍ പാഞ്ഞു പോയി. അവര്‍ ഒരു തടവറയിലാണ് എന്നെനിക്ക് തോന്നി.

വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന് തുടക്കം മുതല്‍ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സര്‍ക്കാര്‍ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണ് എന്ന് ഞാന്‍ ബലമായി സംശയിക്കുന്നു എന്നാണ് പോസ്റ്റ്.

പോസ്റ്റിന്റെ ലിങ്ക് :