പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ആണ് പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ രണ്ട് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ച് കൊന്നത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. 15-20 പേരടങ്ങുന്ന സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് യുവാക്കളുടെ ബന്ധുക്കളും കോണ്‍?ഗ്രസും ആരോപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2:30 നും മൂന്നിനും ഇടയില്‍ കറെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിമരിയയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 20 ലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, ഇതില്‍ ആറ് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയയുടെ നേതൃത്വത്തില്‍ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേ ഉപരോധിക്കുകയുണ്ടായി. സിയോനി പോലീസ് സൂപ്രണ്ടും ഉന്നത ഉദ്യോഗസ്ഥരും സമരസ്ഥലം സന്ദര്‍ശിച്ചു.

യുവാക്കള്‍ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് 15-20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ട് പേരും മരിച്ചത്. പരിക്കേറ്റയാള്‍ ഇപ്പോഴും ചികിത്സയിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്‌കെ മാറവി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇരകളുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പരിക്കേറ്റയാളുടെ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ചെലവില്‍ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇരകളുടെ വീട്ടില്‍ നിന്ന് കിലോക്കണക്കിന് മാംസം കണ്ടെത്തിയതായും എസിപി പറഞ്ഞു.