മീനാണെന്ന് കരുതി പൂച്ച വീട്ടില്‍ കടിച്ചു കൊണ്ടുവന്നത് ചീങ്കണ്ണിയുടെ തല

വളര്‍ത്തു പൂച്ച തന്റെ വീട്ടിലേക്ക് കടിച്ചു വലിച്ചുകൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥന്‍ ഞെട്ടി. മീന്‍ എന്ന വിചാരത്തില്‍ പൂച്ച കടിച്ചു കൊണ്ടുവന്നത് ഒരു ചീങ്കണ്ണിയുടെ തലയാണ്. അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ആണ് സംഭവം. വീസ്ഹ്യൂഗല്‍ എന്നയാളുടെ പൂച്ചയാണ് ഇത്തരത്തില്‍ ചീങ്കണ്ണിത്തല വീട്ടില്‍ വലിച്ചുകൊണ്ടു വന്നത്. ബേണ്‍ഡ് ടോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ഏറെ പ്രയാസപ്പെട്ട് എന്തോ കടിച്ചു വലിച്ചു കൊണ്ടുവരുന്നത് കണ്ടാണ് വീസ്ഹ്യൂഗല്‍ ശ്രദ്ധിച്ചത്. ആദ്യം അതൊരു മത്സ്യമായിരിക്കുമെന്നാണ് താന്‍ കരുതിയതെങ്കിലും അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ചീങ്കണ്ണിയുടെ തലയാണെന്ന് തനിക്ക് മനസ്സിലായത് എന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍, ഇത് എങ്ങനെയാണ് തന്റെ പൂച്ചക്ക് കിട്ടിയത് എന്ന കാര്യം ഇവര്‍ക്ക് വ്യക്തമല്ല. ചീങ്കണ്ണിയുടെ തലയോട്ടിയുടെ ഒരു ഭാഗം ഭാഗികമായി നശിച്ചു പോയിരുന്നു. വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ വിവരമറിയിക്കുകയും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൂന്നടി നീളമുള്ള ചീങ്കണ്ണിയുടെ തല ആയിരിക്കാനാണ് സാധ്യതയെന്നും കണ്ടെത്തി. എന്നാല്‍, വിസ്‌കോണ്‍സിനില്‍ ചീങ്കണ്ണികള്‍ ഉള്ളതായി ഇതുവരെയും ആരും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ആരെങ്കിലും വീട്ടില്‍ വളര്‍ത്തിയ ചീങ്കണ്ണിയുടേതായിരിക്കാനാണ് സാധ്യത എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചത്ത ചീങ്കണ്ണിയെ കുഴിച്ചിട്ടപ്പോള്‍ തല എങ്ങനെങ്കിലും പുറത്തു വന്നത് ആകാം എന്നും അവര്‍ പറയുന്നു.