മോദിയെ പരിഹസിച്ചതിനു കോണ്‍ഗ്രസ്സ് നേതാവിനെ അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് വിമാനത്തില്‍നിന്നു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ കസ്റ്റഡിയിലെടുത്തു .ദില്ലി വിമാനത്താവളത്തിലെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പവന്‍ ഖേരയെ അറസ്റ്റ് ചെയ്തത്. അസം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണു പവന്‍ ഖേരയെ വിമാനത്തില്‍നിന്നു പുറത്താക്കിയത്. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി അറിയിച്ചു.റായ്പൂരിലുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇവര്‍ ചെക്ക് ഇന്‍ ചെയ്തതിന് പിന്നാലെ ദില്ലി പൊലീസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവന്‍ ഖേരയെ റണ്‍വേയിലേക്ക് ഇറക്കുകയും ചെയ്തു.

അതേസമയം പവന്‍ ഖേരയ്ക്ക് എതിരായ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. മറ്റു നേതാക്കളെല്ലാം വിമാനത്തില്‍ കയറിക്കഴിഞ്ഞ ശേഷമാണു ഖേരയെ പുറത്തിറക്കിയത് എന്നാണു റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ പവന്‍ ഖേരയ്‌ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്നാണു ഖേര പറഞ്ഞത്. പ്രധാനമന്ത്രിയുടെ പേരില്‍ ദാമോദര്‍ദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു.

രാജ്യത്ത് ഏകാധിപത്യം വിലപ്പോകില്ലെന്ന് പറഞ്ഞാണ് റായ്പൂരിലേക്കുള്ള വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റണ്‍വേയില്‍ ഉപരോധ സമരം തുടങ്ങിയത്. മോദി സര്‍ക്കാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ദുര്‍ബലമായ കേസുകള്‍ എടുത്ത് ഖേരയെ തടയാനും നിശബ്ദനാക്കാനും ആണ് ശ്രമം. നാണംകെട്ട. അംഗീകരിക്കാന്‍ ആകാത്ത പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റണ്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ദില്ലി പോലീസിന്റെ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അസമില്‍ കേസുണ്ടെങ്കില്‍ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേസ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദില്ലി പോലീസ് തയ്യാറായില്ല. റായ്പൂരിലേക്കുള്ള വിമാനം പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് പ്ലീനറി തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കമാണിതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ കുറ്റപ്പെടുത്തി.