സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ ഗവര്‍ണര്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. പണം അനാവശ്യമായി പാഴാക്കുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിംഗ് പൂള് നിര്‍മ്മിക്കുന്നു. അതേസമയം പെന്ഷന് നല്കാന് സര്‍ക്കാരിന് കാശില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കുന്നില്ല. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്.
സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു.ധനബില്ലാണ്. അതില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാന്‍ വരേണ്ടത്. അതുണ്ടായില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു
കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴും സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്നവെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു.
ഭരണ ഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കില്‍ ആര്‍ക്കു വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചാല്‍ താന്‍ മറുപടി പറയും. തന്റെ ഉത്തരവാദിത്വക്കുറിച്ച് മറുപടി നല്‍കും. ഗവര്‍ണറും നിയമസഭയുടെ ഭാഗമാണ്. സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.