ദേശാഭിമാനിയുടെ ഖേദപ്രകടനത്തില്‍ ഖേദം അറിയിച്ചു മറിയക്കുട്ടി

അടിമാലി: ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്തയില്‍ ദേശാഭിമാനി നടത്തിയ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. സിപിഎം പത്രം തന്നേയും കുടുംബത്തേയും അപമാനിച്ചു. ലോകമെമ്പാടും പ്രചരിപ്പിച്ച് തന്റെ ജീവിതമാണ് നശിപ്പിച്ചത്. ഇതിന് നഷ്ടപരിഹാരം തരണം. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉണ്ടെന്നും മറിയക്കുട്ടി ആരോപിച്ചു.

തനിക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. നാടു മുഴുവന്‍ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല. വാര്‍ത്ത പ്രചരിച്ചതോടെ സഹായിക്കുന്നവര്‍ കൂടി പിന്നോട്ടു പോയി. ഇതിന് സിപിഎമ്മുകാര് ന്യായം പറയണം.

‘എന്നോടു കൂടി ചോദിച്ചിട്ട് മതിയായിരുന്നല്ലോ ഈ പരിപാടിക്ക് പോകാന്‍. ഇത് എന്നാ ക്ഷമയാ. ഇവര്‍ എന്നെയും ഞാന്‍ ഇവരെയും കണ്ടിട്ടില്ല. എന്റെ വീട് എങ്ങനെ കണ്ടു. മക്കളെ എങ്ങനെ കണ്ടു. പത്രത്തില്‍ കൊടുക്കുന്നതിന് മുമ്പ് എന്നെയും മക്കളെയും വീടും കണ്ടിട്ടു വേണ്ടേ കൊടുക്കാന്‍’. മറിയക്കുട്ടി ചോദിച്ചു.

തനിക്ക് ഉണ്ടെന്ന് പ്രചരിപ്പിച്ച ഭൂമി കിട്ടണം. ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നാണ് പറഞ്ഞത്. രണ്ടേക്കറില്ലെങ്കില്‍ ഒരേക്കര്‍ ഭൂമിയെങ്കിലും വേണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. വാര്‍ത്ത വന്നതോടെ കിട്ടിക്കൊണ്ടിരുന്ന സഹായമെല്ലാം ഇല്ലാതായി. അതുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മറിയക്കുട്ടി പറയുന്നു.

പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത നല്‍കിയതിന് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു.

ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു എന്നും ദേശാഭിമാനി അറിയിച്ചു.