പാരീസില്‍ ‘വീല്‍ ഓഫ് ചോയ്‌സസ്’ നൃത്തനാടകം അരങ്ങേറി

പാരീസ്: ഫ്രാന്‍സിലെ ഇന്ത്യന്‍ കലാസാംസ്‌കാരിക സംഘടനയായ അസോസിയേഷന്‍ രംഗ് ദ് ഫ്രാന്‍സും, ലെവലപ്പ് ക്രൂ ഡാന്‍സ് ടീമും സംയുക്തമായി സംഘടിപ്പിച്ച നൃത്തനാടകം ‘Wheel of Choices’ പാരീസിലെ തീയറ്റര്‍ ലാ ബ്രൂയറില്‍ അരങ്ങേറി.

ഡല്‍ഹി ആസ്ഥാനമായ പ്രമുഖ ഭാരതനാട്യം കലാകാരിയായ ശ്രേയസി ഗോപിനാഥ് നിര്‍മ്മിക്കുകയും നൃത്തസംവിധാനം നിര്‍വഹിക്കുകയും ചെയ്ത നൃത്തനാടകം മഹാഭാരതത്തിലെ മഹാവീരനായ കര്‍ണന്റെ ജീവിതവും അദ്ദേഹം കൈകൊണ്ട നിലപാടുകളും തീരുമാനങ്ങളും വര്‍ണ്ണിക്കുന്നതായിരുന്നു.

ഭാരതനാട്യത്തിന്റെ ശൈലിയില്‍ അവതരിപ്പിച്ച നൃത്തനാടകത്തില്‍ 14 നര്‍ത്തകര്‍ പങ്കെടുത്തു. കര്‍ണന്റെ ജീവിതത്തിലെ ധാര്‍മ്മിക സംഘര്‍ഷങ്ങള്‍, സൗഹൃദം, വിശ്വസ്തത, വിധി, വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ കോര്‍ത്തിണക്കിയ കഥാഖ്യാനം പ്രേക്ഷക ഹൃദയം കീഴടക്കി.

ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള നിരവധി കലാസ്‌നേഹികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഒരേ കുടക്കീഴില്‍ അണിനിരത്താനും, നാളുകള്‍ക്കു ശേഷം കലാമികവും നയന മനോഹരമായ ഒരു പരിപാടി അവതരിപ്പിക്കാന്‍ ‘Wheel of Choices’ സാധിച്ചതില്‍ ഏവര്‍ക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.