കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ്: ആകര്‍ഷണ വില നല്‍കി ഓസ്ട്രേലിയന്‍ മലയാളി തട്ടിയെടുത്തത് ലക്ഷങ്ങള്‍

മെല്‍ബണ്‍: ഫ്‌ലൈറ്റ് ടിക്കറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓസ്ട്രേലിയയിലുള്ള പ്രവാസി മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ച മെല്‍ബണ്‍ മലയാളി ഒളിവില്‍. ഭാര്യയും രണ്ടു മക്കളുമായി മെല്‍ബണില്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായ ജോസഫ് സ്വീറ്റ്‌സണാണ് മുങ്ങിയത്. അയര്‍ലണ്ടില്‍ നിന്നുമാണ് ജോസഫ് മെല്‍ബണില്‍ എത്തിയത്.

വളരെ ഏക്കര്‍ഷമായ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കി തുക വാങ്ങിയശേഷം ജോസഫ് മുങ്ങിയാതായിട്ടാണ് പരാതി. മാലിന്റോ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ശരിയാക്കി നല്‍കിയിരുന്ന ജോസഫ് നൂറുകണക്കിന് ആളുകളില്‍ നിന്നായി ലക്ഷക്കണക്കിന് ഡോളരാണ് ഈ ഇനത്തില്‍ ശേഖരിച്ചത്. ആദ്യം യഥാര്‍ഥ ടിക്കറ്റ് നല്‍കി വിശ്വാസം നേടിയെടുക്കുന്ന വിരുതന്‍ ഈ ബന്ധം ഉപയോഗിച്ചാണ് കൂടുതല്‍ പേരെ കെണിയിലകപ്പെടുത്തിയത്. മലയാളികള്‍ കൂട്ടത്തോടെ നാട്ടില്‍ പോകുന്ന ഡിസംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ ഏര്‍പ്പാടാക്കി എയര്‍ ലൈന്‍ കമ്പനികള്‍ ഇഷ്യൂ ചെയ്യാത്ത വ്യാജ ടിക്കറ്റുകളും നല്‍കി പ്രവാസികളെ കബളിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ടിക്കറ്റുകളില്‍ വ്യക്ത ലഭിക്കാനായി വിമാന കമ്പനികളെ നേരിട്ട് ബന്ധപ്പെട്ട ചില ഉപഭോകതാക്കളാണ് കാര്യങ്ങള്‍ മനസ്സിലാക്കിയതും തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞതും. സംഭവം അറിഞ്ഞ ജോസഫ് സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. ഇയാളുടെ ഭാര്യ മെല്‍ബണില്‍ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നേഴ്സായി ജോലി ചെയ്യുകയാണ്. രണ്ടു കൊച്ചുകുട്ടികളും, ഭാര്യയും ഇപ്പോഴും ഓസ്ട്രേലിയയില്‍ തന്നെയുണ്ട്.

അംഗീകൃത ഏജന്റുമാരെ ഒഴിവാക്കി ഇടനിലക്കാര്‍ വഴി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ സമ്പാദിച്ച മലയാളികളാണ് ചതിയില്‍പ്പെട്ടത്. കുടുംബവുമായി ഒരുമിച്ച് യാത്രചെയ്യുന്നതിനായി ഡിസംബറിലേക്കു ടിക്കറ്റെടുത്തുവച്ചവരാണ് കൂടുതലും ഇയാളുടെ ഇരകള്‍.

മെല്‍ബണ്‍, പെര്‍ത്ത്, ബ്രിസ്ബേന്‍, സിഡ്നി എന്നിവിടങ്ങളില്‍ നിന്നുമായി നാനൂറോളം ടിക്കറ്റുകളാണ് ഇന്ത്യയിലെ വിവിധ ഏജന്‍സികളുടെ പേരില്‍ ഇയാള്‍ ഐറ്റിനറി നല്‍കിയത്. സംഭവം പുറത്തായതിനെത്തുടര്‍ന്നു വീട്ടിലെത്തി പണം ആവശ്യപ്പെട്ടവരോട് ഒരാഴ്ചക്കകം തിരികെ നല്‍കാമെന്നു പറഞ്ഞ ഇയാള്‍ എല്ലാ സമൂഹ മാധ്യമങ്ങളിലെയും ഫോണ്‍ ബന്ധവും ഉപേക്ഷിച്ചു സ്ഥലം വിടുകയായിരുന്നു. പണം നഷ്ടപ്പെട്ട മലയാളികള്‍ ജോസഫിന്റെ വീട്ടിലെത്തി ഭാര്യയോട് പണം തിരികെ ചോദിച്ചപ്പോള്‍ ഭര്‍ത്താവ് സ്ഥലം വില്‍ക്കാന്‍ നാട്ടില്‍ പോയിരിക്കുകയാണെന്നും, ഉടന്‍ തന്നെ പണം എല്ലാവര്‍ക്കും തിരികെ നല്കുമെന്നുമാണ് വിവരം ലഭിച്ചത്.