മാനം മുട്ടെ ഉയരമുള്ള ചില്ലുപാലത്തിലൂടെ നടക്കുമ്പോള്‍ പാലം പൊട്ടിയാല്‍ എന്താകും അവസ്ഥയെന്ന് ഈ വീഡിയോ പറയും

ആകാശം മുട്ടെ ഉയരമുള്ള ഒരു ചില്ലു പാലം, പാലത്തിലെ ആളുകള്‍ക്ക് നടക്കാനുള്ള പ്രതലം മുഴുവന്‍ ചില്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിനടിയില്‍ ആയിരമടി താഴ്ചയുള്ള കൊക്കയാണ്. അതിലൂടെ നടക്കുമ്പോള്‍ ചില്ലു പാലം പതിയെ പൊട്ടുന്നു. താഴെ വീണാല്‍ ശരീരം ചിന്നിച്ചിതറും.ഈ പാലത്തിലൂടെ നടക്കുമ്പോള്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എന്താകും സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളു അല്ലെ.

എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. ഇതു കെട്ടു കഥയല്ല ശരിക്കും നടന്ന സംഭവം തന്നെയാണ്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുളള പാലത്തില്‍ അധികൃതര്‍ സഞ്ചാരികളെ കബളിപ്പിക്കാന്‍ ഒരുക്കിയ സംവിധാനമാണ് അക്ഷരാര്‍ത്ഥത്തില്‍ സഞ്ചാരികളെ ഞെട്ടിച്ചത്.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത് . ഇത്തരത്തില്‍ കുടുങ്ങിയ ഒരു ഗൈഡിന്റെ ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്.ചില്ലുപാലം തകരുന്നത് കണ്ട് പേടിച്ചരണ്ട ഗൈഡ് നിലത്തിരിക്കുന്നത് കാണാം. പിന്നീട് എതിര്‍വശത്തുനിന്നുള്ളവര്‍ ഒരു കൂസലുമില്ലാതെ പോകുന്നത് കണ്ടപ്പോഴാണ് യഥാര്‍ത്ഥസംഭവം വ്യക്തമായത്.വിനോദ സഞ്ചാരത്തിലെ സാഹസീകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്.