കോഹ്ലിക്ക് കിട്ടുക 17 കോടി;ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരം;കോഹ്ലി ബാംഗ്‌ളൂര്‍ വിട്ടെങ്ങോട്ടുമില്ല

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.ഈ ഐ.പി.എല്‍ സീസണിലേക്ക് കളിക്കാരെ നിലനിര്‍ത്തുന്നതിനുള്ള സമയം അവസാനിച്ചതോടെ 17 കോടി രൂപ ചെലവഴിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്. ഇതോടെ കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്കിനായി ചെലവഴിച്ച 14.5 കോടി എന്ന റെക്കോര്‍ഡ് പഴങ്കഥയായി.

കൊഹ്‌ലിയെക്കൂടാതെ രോഹിത് ശര്‍മ്മയ്ക്കായി മുംബൈ ഇന്ത്യന്‍സും, ധോണിക്കായി ചെന്നൈ സൂപ്പര്‍കിങ്‌സും 15 കോടി വീതമാണ് മുടക്കിയിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് 12 കോടി വീതവും, ഹര്‍ദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്സ് എന്നിവര്‍ക്ക് 11 കോടി വീതവും ഈ സീസണില്‍ പ്രതിഫലം ലഭിക്കും.

കോലി, ഡിവില്ലിയേഴ്സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരെ നിലനിര്‍ത്താന്‍ ആര്‍.സി.ബിക്ക് ചെലവായത് 31 കോടി രൂപയാണ്. ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന താരലേലത്തില്‍ ഇനി ആര്‍സിബിക്ക് 49 കോടി രൂപ ചെലവഴിക്കാം. ഇതിലൂടെ ഗെയ്ല്‍ ഉള്‍പ്പടെയുള്ളവരെ ടീമില്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍.