അഫ്ഗാനില്‍ സൈനിക താവളം നിര്‍മിക്കാനൊരുങ്ങി ചൈന; ഭീകരരുടെ നുഴഞ്ഞ് കയറ്റം തടയാനെന്ന് വിശദീകരണം

കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ സൈനിക താവളം നിര്‍മിക്കാനുള്ള ശ്രമവുമായി ചൈന.ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നത് തടയാനാണ് സൈനികത്താവളം നിര്‍മിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് ഭീകരര്‍ ചൈനയിലേക്കു കടക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ അഫ്ഗാന്‍ മണ്ണില്‍ തന്നെ സൈനികത്താവളം നിര്‍മിച്ച് ഭീകരരെ തടയാനാണ് ചൈനയുടെ ശ്രമം.ഇതേക്കുറിച്ച് ചൈനയും അഫ്ഗാനിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പര്‍വതപ്രദേശമായ വഖാന്‍ മേഖലയിലാകും ചൈനയുടെ സൈനിക താവളം വരിക.ഇതിനായി ചൈനയുടെയും അഫ്ഗാനിസ്ഥാന്റെയും സൈന്യങ്ങള്‍ ഈ മേഖലയില്‍ സംയുക്തമായി പട്രോളിങ് നടത്തുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കൂടുതല്‍ മേഖലകളിലേക്ക് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ചൈന അഫ്ഗാനില്‍ സൈനിക താവളം നിര്‍മിക്കാന്‍ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദക്ഷിണേഷ്യയുടെ വികസനത്തിനായി കോടിക്കണക്കിന് ഡോളറാണ് ചൈന ചെലവഴിക്കുന്നത്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനിലെ അസ്ഥിര സാഹചര്യം വെല്ലുവിളിയാകുമെന്ന ഭയം ചൈനയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് അവിടെ സ്വാധീനമുറപ്പിക്കാനുള്ള ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.