‘നാട്ടുകാര്‍ എന്റെ മകനെ തല്ലിക്കൊന്നതാണ്, കൊലക്കുറ്റത്തിന് കേസെടുക്കാനാകുമോ ജനകീയ സര്‍ക്കാരേ’ -മധുവിന്റെ അമ്മ ചോദിക്കുന്നു

അട്ടപ്പാടി: മോഷ്ടാവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. കടുകുമെന്ന ആദിവാസി ഊരിലെ മധു (27) ആണ് ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടിയത്.തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു.എന്നാല്‍ പൊലീസ് വാഹനത്തില്‍ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദ്ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

പോലീസിന് കൈമാറുന്നതിനുമുമ്പ് നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് വ്യക്തമായാല്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. മധുവിന്റെ മൃതദേഹം ആഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.

അതേസമയം തന്റെ മകനെ, നാട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്നതാണെന്ന് മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. ”മകനെ നാട്ടുകാര്‍ സംഘം ചേര്‍ന്നാണ് തല്ലിക്കൊന്നത്. പ്രദേശത്തെ ഡ്രൈവര്‍മാരടക്കമുള്ളവരാണ് മര്‍ദ്ദിച്ചത്. മകനെ തല്ലിക്കൊന്ന കുറ്റവാളികളെ പിടിക്കണം. അവന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അവന്‍ മോഷ്ടിക്കില്ല”-മധുവിന്റെ ‘അമ്മ പറയുന്നു. പറഞ്ഞു.

മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. ഏറെക്കാലമായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്.