സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും (പരമ്പര: ഭാഗം നാല്)
എസ്. ചന്ദ്രശേഖരന്‍ നായര്‍
ആഭ്യന്തര ഉത്പാദനം കണക്കാക്കുന്നതില്‍ കൃത്യത പാലിക്കാറില്ല. അതിന് ഉദാഹരണമാണ് 2013-14 ല്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് തെറ്റായി കണക്കാക്കിയത് തിരുത്തുവാനായി 844000 ടണ്‍ ഉത്പാദനം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 774000 ടണായി കുറവ് ചെയ്തത്. ഇത്തരം ഒരു തെറ്റ് തിരുത്തുവാനായി രണ്ടംഗ കമ്മീഷനെ നിയമിച്ചിരുന്നു. ഉപഭോഗത്തില്‍ നിന്ന് അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ഇറക്കുമതി ചെയ്യുന്നത് കുറവ് ചെയ്താല്‍ ആഭ്യന്തര ഉപഭോഗത്തേക്കാള്‍ കൂടുതലാണ് ഉത്പാദനം എന്ന് കാണാം. എന്നാല്‍ ടാപ്പിംഗ്‌സ്‌റ്റേജിലെത്തിയ തോട്ട വിസ്തൃതി വര്‍ദ്ധിക്കുകയും, ഉത്പാദനവും, ഉത്പാദനക്ഷമതയും താഴേയ്ക്ക് പോകുകയും ചെയ്യുന്നത് അനാവശ്യ ഇറക്കുമതിയിലൂടെ ചില നിര്‍മ്മാതാക്കള്‍ ക്രമാതീതമായ സ്‌റ്റോക്ക് കൈവശം വെയ്ക്കുകയും ആഭ്യന്തര വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കുകയും ചെയ്യുന്നതിനാലാണ്. 25% തീരുവ നല്‍കി ഇറക്കുമതി ചെയ്താലും ലാഭകരമായി മാറ്റുന്നത് ആഭ്യന്തരവില അന്താരാഷ്ട്രവിലയേക്കാള്‍ ഉയര്‍ത്തി നിറുത്തിയാണ്. ആഭ്യന്തര വിപണിയെ ആശ്രയിച്ച് ഉത്പന്ന നിര്‍മ്മാണം നടത്തുന്ന നിര്‍മ്മാതാക്കള്‍ക്ക് ഗ്രേഡിംഗ് തിരിമറിയിലൂടെ താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡും വിലയും, കൂടിയ വില, വാറ്റ്, സെസ്സ് എന്നിവ നല്‍കേണ്ടിവരുന്നു.
ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത റബ്ബര്‍ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മിത ഉത്പന്നങ്ങളായി മാറ്റണം. അത് ചെയ്തില്ലെങ്കില്‍ കേടാകാനുള്ള സാധ്യത കൂടുതലാണ്. നിലവിലുള്ള അമിതമായ നിര്‍മ്മിതഉല്പന്ന ശേഖരം താണവിലയ്ക്ക് അസംസ്‌കൃത റബ്ബര്‍ ഇറക്കുമതി ചെയ്ത നിര്‍മ്മാതാക്കളുടെ പക്കല്‍ വളരെ കൂടുതലാണ് എന്ന് കാണാം. വിലക്കുറവ് കാരണം അന്താരാഷ്ട്ര തലത്തില്‍ ഉത്പാദനം കുറയുകയാണ്. അതിനാല്‍ അമിതമായ ഇറക്കുമതി അന്താരാഷ്ട്ര വില വര്‍ദ്ധനവിന് കാരണമാകാം. അതൊഴിവാക്കുവാന്‍ ഇറക്കുമതിയില്‍ കുറവ് വരുത്തുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ഉപഭോഗത്തില്‍ കുറവു വരുത്തുക മുതലായവ ചില തന്ത്രങ്ങളാണ്.
ഇന്നത്തെ റബ്ബര്‍ പ്രതിസന്ധിക്ക് കാരണം റബ്ബര്‍ ബോര്‍ഡാണെന്ന് തോന്നാമെങ്കിലും, നാഥനില്ലാ കളരിയായ റബ്ബര്‍ ബോര്‍ഡിന് കള്ളക്കണക്ക് പ്രസിദ്ധീകരിക്കുവാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ആശീര്‍വ്വാദമുണ്ട് എന്നുവേണം വിലയിരത്തുവാന്‍. പല ആവര്‍ത്തി കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന് കണക്കിലെ ക്രമക്കേടുകള്‍ ട്വിറ്ററിലൂടെ കൈമാറിയിട്ടും മറുപടി തരുകയോ തെറ്റ് തിരുത്തുകയോ ചെയ്യാതെ സധൈര്യം തെറ്റുകള്‍ തുടരുകയും ചെയ്യുന്നു. നമ്മുടെ എം.പിമാര്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാറില്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
റബ്ബര്‍ ബോര്‍ഡിന്റെ ഹോം പേജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഹൈലൈറ്റ്‌സ് എന്ന് ബോള്‍ഡായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്യാതെ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഡി.എഫ് ഫയലാണ് കാണാന്‍ കഴിയുക. അത് അപ്‌ഡേറ്റ് ചെയ്താല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഹൈലൈറ്റ്!സ് എന്നത് 200405 മുതല്‍ 200910 വരെ ഇല്ലാത്ത സ്‌റ്റോക്ക് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ കയറ്റുമതിയും 201011 മുതല്‍ ഉള്ള സ്‌റ്റോക്ക് കുറച്ചുകാട്ടി കൂടുതല്‍ ഇറക്കുമതിയും നടക്കുന്നതായി കാണാം.
കേരളയൂണിവേഴ്‌സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവനായിരുന്ന ഡോ. യാഗീന്‍ തോമസിന്റെ അഭിപ്രായത്തില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ ടാലി ആകണം എന്നാണ്. കണക്കിലെ ക്രമക്കേടും, ഉത്പന്ന കയറ്റുമതിക്കായി നികുതി രഹിത ഇറക്കുമതിയും ഉപഭോഗത്തില്‍ കൂട്ടിച്ചേര്‍ത്ത് അതില്‍ നിന്ന് ഉത്പാദനം കുറവുചെയ്താണ് ആഭ്യന്തര ലഭ്യതയില്‍ ഇല്ലാത്ത കുറവ് ഉയര്‍ത്തിക്കാട്ടുന്ന രീതി റബ്ബര്‍ ബോര്‍ഡ് തുടരുന്നത്. ഇത്തരം ക്രമക്കേടുകള്‍ ചോദ്യം ചെയ്യേണ്ടത് രാജ്യസഭയിലും ലോക്!സഭയിലും ആണ്.
ബാലന്‍സ് സ്‌റ്റോക്ക് കുറച്ചുകാട്ടി 2010-11, 2011-12, 2012-13, 2013-14, 2014-15, 2015-16 (സെപ്റ്റംബര്‍ വരെ) വര്‍ഷങ്ങളില്‍ 51451, 167898, 156429, 150345, 63218, 27420 ടണ്‍ എന്ന ക്രമത്തില്‍ ആണ് സ്‌റ്റോക്കില്‍ കുറച്ചുകാട്ടിയത്. അപ്രകാരം 201011 മുതല്‍ 201516 സെപ്റ്റംബര്‍ വരെ ആകെ 616761 ടണിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതിന്റെ പരിണിതഫലമായി തുടര്‍ന്നും വിലയിടിക്കുവാന്‍ കഴിയുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവിന്റെ പ്രയോജനം ടയര്‍ നിര്‍മ്മാതാക്കള്‍ക്കും ഗ്രേഡിംഗ് തിരിമറിയിലൂടെ ഇറക്കുമതി തീരുവയുടെ പേരിലുള്ള വില വര്‍ദ്ധനയുടെ പ്രയോജനം മൊത്തക്കച്ചവടക്കാര്‍ക്കും ലഭിച്ചു.
മുന്നിരിപ്പും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്‌റ്റോക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ വലിയൊരു സംഖ്യതന്നെ കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. അപ്രകാരം ഒരു സംഖ്യ കണക്കിലൂടെ കൂട്ടിച്ചേര്‍ക്കുന്ന തിരിമറിയും, അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം പൂജ്യം തീരുവയില്‍ നടക്കുന്ന നികുതിരഹിത ഇറക്കുമതിയും ചേര്‍ന്നാണ് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് ഉയര്‍ത്തിക്കാട്ടുവാനും അതിലൂടെ ക്രമാതീതമായ ഇറക്കുമതിക്ക് വഴിയൊരുക്കുകയും ചെയ്യുന്നത്.
201011 മുതല്‍ 2015-16 സെപ്റ്റംബര്‍ വരെ 1685169 ടണ്ണാണ് ആവശ്യമില്ലാത്ത ഇറക്കുമതിക്ക് അവസരമൊരുക്കിയത്. ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവുചെയ്താണ് ലഭ്യതയിലെ കുറവ് കണക്കാക്കുന്നത്. ഇറക്കുമതിയില്‍നിന്ന് (നികുതി രഹിത ഇറക്കുമതിയും ചേര്‍ന്നത്) റബ്ബര്‍ ബോര്‍ഡ് സമര്‍പ്പിച്ച എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കുറവുചെയ്താല്‍ ലഭിക്കുന്നത് അധിക ഇറക്കുമതിയായ 681994 ടണ്ണാണ്. അപ്രകാരം ലഭിക്കുന്ന അധിക ഇറക്കുമതിയും, തിരിമറിയും ആറുമാസത്തിനുള്ളില്‍ ഉത്പന്നങ്ങളായി കയറ്റുമതി ചെയ്യാം എന്ന വ്യവസ്ഥയില്‍ ചെയ്യുന്ന നികുതി രഹിത ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുക 1887880 ടണ്‍ ആവശ്യമില്ലാത്ത ഇറക്കുമതിയാണ്. അത്തരം ഇറക്കുമതിക്കാണ് റബ്ബര്‍ ബോര്‍ഡ് അവസരമൊരുക്കിയത് എന്ന് കാണാം.
2010-11 മുതല്‍ 2015-16 (സെപ്റ്റംബര്‍ വരെ) ആകെ ഉപഭോഗമായ 5378525 ടണില്‍ നിന്ന് പ്രസ്തുത കാലയളവിലെ ഉത്പാദനം 4375350 ടണ്‍ കുറവുചെയ്താല്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് 1003175 ടണ്‍ ആണ് എന്നു കാണാം. എന്നാല്‍ കണക്കിലെ ക്രമക്കേട് 616761 ടണും ഡ്യൂട്ടി രഹിതമായി ഇറക്കുിമതി ചെയ്ത് ആറുമാസത്തിനുള്ളില്‍ ഉത്പന്ന കയറ്റുമതി ചെയ്യേണ്ട 589125 ടണും കൂട്ടിയാല്‍ കിട്ടുന്ന 1205886 ടണ്‍ ആണ്. നികുതിരഹിത ഇറക്കുമതി ഒഴിവാക്കിയുള്ള ഉപഭോഗം 4172639 ടണ്‍ ആണ്. എന്നുവെച്ചാല്‍ 6314494 ടണ്‍ ലഭ്യതയില്‍നിന്ന് 4172639 ടണ്‍ ഉപഭോഗം കുറവുചെയ്താല്‍ 2141855 ടണ്‍ കൂടുതലായിരുന്നു എന്ന് കാണാം. ഇറക്കുമതി ചെയ്ത 1685169 ടണ്‍ എന്നത് റബ്ബര്‍ ബോര്‍ഡ് ഇറക്കുമതിക്കായി അവസരമൊരുക്കിയ 1887880 ടണ്ണിനെനേക്കാള്‍ കുറവാണ് എന്ന് കാണാം. ചുരുക്കിപ്പറഞ്ഞാല്‍ ആവശ്യത്തിലധികം ഭാരതത്തില്‍ ഉത്പാദനം സാധ്യമാണെന്നിരിക്കെ താണവിലയ്ക്ക് ഇറക്കുമതി ചെയ്ത് വിലയിടിച്ചതിലൂടെ ആഭ്യന്തര ഉത്പാദനവും ക്രമാതീതമായി കുറഞ്ഞു. ഉത്പാദനം കണക്കാക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് കൃത്യത പാലിക്കുന്നില്ല എന്നത് നിര്‍മ്മാതാക്കളെ സഹായിക്കുവാനാണ്.