സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും (പരമ്പര: ഭാഗം ഒന്ന്)
എസ്. ചന്ദ്രശേഖരന്‍ നായര്‍
റബ്ബര്‍ സ്ഥിതിവിവര കണക്കുകളില്‍ തെറ്റുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് സമ്മതിച്ചിരിക്കുന്നു. വിപണിയിലെ കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍! നിയന്ത്രിക്കുന്നത് റബ്ബര്‍ബോര്‍ഡാണ്. അത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ജാംബവാന്റെ കാലത്തെ ഗ്രീന്‍ബുക്ക് എന്ന മാനദണ്ഡം ആണ്! കാലം മാറി പുതുപുത്തന്‍ ടെക്‌നോളജികള്‍ വികസിച്ചിട്ടും വ്യവസായികളെ സഹായിക്കുവാനായി മാതൃക ഷീറ്റുകള്‍പോലും പ്രദര്‍ശിപ്പിക്കാതെ തോന്നിയ ഗ്രേഡില്‍ വാങ്ങി തോന്നിയഗ്രേഡില്‍ വില്‍ക്കുവാന്‍ അനുവദിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. അപ്രകാരം ഡീലര്‍മാരുടെ ലാഭം ഉറപ്പാക്കി വിപണിയില്‍ സ്വാധീനമുള്ള നിര്‍മ്മാതാക്കള്‍ നേട്ടം കൊയ്യുന്നു. പല വ്യാപാര സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് കക്ഷി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ്. അവരെ നിയന്ത്രിക്കുവാനോ പരിശോധിക്കുവാനോ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. റബ്ബര്‍ വാങ്ങുവാനും വില്‍ക്കുവാനും ഡീലര്‍ ലൈസന്‍സ് അനിവാര്യമാണ്. വാങ്ങല്‍ സംബന്ധിച്ച വിവരം ഫോം 2 വിലും വില്‍ക്കല്‍ ഫോം ലും റബ്ബര്‍ ബോര്‍ഡ് സെക്രട്ടറിക്ക് അടുത്തമാസം ഇരുപതാം തീയതിയ്ക്ക് മുന്‍പ് അയച്ചിരിക്കണം. പ്രസ്തുത ഫോം ഗ്രേഡിംഗ് തിരിമറി അനുവദിക്കുന്നില്ല. ഒരു അന്തര്‍സംസ്ഥാന കരാര്‍ പ്രകാരം ഓര്‍ഡര്‍ ലഭിച്ച്കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പതിനാറ് ടണിന്റെ ചരക്ക് നീക്കം നടത്താം. അവിടെയും റബ്ബര്‍ ബോര്‍ഡിന്റെ ഫോം 2 ബാധകമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിലയിടിക്കാന്‍ കഴിഞ്ഞാല്‍ അതിലൂടെ അമിതലാഭവും ലഭിക്കും. റബ്ബര്‍ ബോര്‍ഡിന് ലഭിക്കേണ്ട സെസ് കിലോഗ്രാമിന് രണ്ടുരൂപ നിരക്കില്‍ നല്‍കണം. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട 5% വാറ്റ് നഷ്ടപ്പെടുത്തുവാന്‍ ഇറക്കുമതിക്ക് സാധിക്കും.
പ്രധാനമായും റബ്ബര്‍ കര്‍ഷകര്‍ വില്‍ക്കുന്ന റബ്ബറിന്റെ വില നിയന്ത്രിക്കുന്നത് മനോരമ പത്രമാണ്. കോട്ടയത്തെ റബ്ബര്‍ വില നാലാംതരവും അഞ്ചാം തരവും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാല്‍ മൂന്നു രൂപ താഴ്ത്തിയാണ് മനോരമ വില പ്രസിദ്ധീകരിക്കുന്നത്. ഐഎസ്എസ് വില അവരുടെ ഇഷ്ടത്തിനും. ചെറുകിട കര്‍ഷകര്‍ വില്‍ക്കുന്ന ഷീറ്റുകള്‍ പ്രസ്തുത പത്രം പ്രസിദ്ധീകരിക്കുന്ന അഞ്ചാംതരമായിട്ടും ഐഎസ്എസ് ആയിട്ടുമാണ് ചെറുകിട വ്യാപാരികള്‍ വാങ്ങുന്നത്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ക്വാളിറ്റി കണ്ട്രോളര്‍ ശ്രീ ഗണപതി അയ്യര്‍ പേയാട് റബ്ബര്‍ ഉത്പാദക സംഘത്തിലെ കര്‍ഷകരുടെ മുന്നില്‍ വെച്ച് ഇത്തരം ഷീറ്റുകളില്‍ മൂന്നും നാലും പൊടിക്കരടുകളുള്ളതുകാരണം ആര്‍എസ്എസ് രണ്ടാംതരമായി പരിഗണിക്കാം എന്നും പറയുകയുകയുണ്ടായി. അത്തരം പൊടിക്കരടുകള്‍ വെട്ടിമാറ്റിയാല്‍ ആര്‍എസ്എസ് 1 ആകും എന്നതാണ് വാസ്തവം. അതേ ഷീറ്റുകള്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ വില്‍ക്കുകയാണെങ്കില്‍ ഐഎസ്എസ് എന്ന ഗ്രേഡിലാവും വില്‍ക്കുവാന്‍ കഴിയുക. ആര്‍എസ്എസ് മുതല്‍ 5 വരെ മാത്രം ഗ്രേഡുകള്‍ നിലവിലുള്ളപ്പോള്‍ ഐഎസ്എസ്, ഐഡിഎസ്, ലോട്ട് എന്നിങ്ങനെയാണ് ഏറിയ പങ്കും കര്‍ഷകര്‍ വില്‍ക്കുന്നത്.
ഇന്ത്യന്‍ റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ റബ്ബര്‍ സ്ഥിതിവിവരകണക്ക് വാര്‍ത്തകളില്‍നിന്നും വാര്‍ഷിക സ്ഥിതിവിവരകണക്കുകളില്‍ നിന്നും മറ്റും ക്രോഡീകരിച്ചാല്‍ ലഭിക്കുന്ന ചിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്. വര്‍ഷാരംഭത്തിലെ റബ്ബര്‍ ശേഖരവും, ഉത്പാദനവും, ഇറക്കുമതിയും കൂടിച്ചേര്‍ന്നാല്‍ ആകെ ലഭ്യതയായി. ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്‌റ്റോക്ക് കിട്ടില്ല. ബാലന്‍സ് സ്‌റ്റോക്ക് ലഭിക്കണമെങ്കില്‍ തിരിമറികള്‍ എന്ന ചില അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും. അത് പല വര്‍ഷങ്ങളിലും റബ്ബര്‍ ശേഖരം കുറവായിരിക്കുമ്പോള്‍ ഇല്ലാത്ത ശേഖരം കൂട്ടിച്ചേര്‍ത്ത് പെരുപ്പിച്ച് കാട്ടുന്നു. പലപ്പോഴും അമിത റബ്ബര്‍ ശേഖരമുള്ളപ്പോള്‍ കുറച്ച് കാട്ടുകയുമാണ് ചെയ്യുന്നത്. ഇത്തരം ക്രമക്കേടുകളുടെ പ്രതിഫലനം അര്‍ഹതയുള്ള വില കര്‍ഷകര്‍ക്ക് ലഭിക്കാതാകാന്‍ കാരണമാകുന്നു. റബ്ബര്‍ വില കൂടിയതിന്റെ പേരില്‍ ടയര്‍ പോലുള്ള നിര്‍മ്മിത ഉത്പന്ന വില ഉയര്‍ത്തുകയും പിന്നീട് വര്‍ഷങ്ങളോളം സ്വാഭാവിക റബ്ബറിന്റെ വില ഇടിച്ചു നിറുത്തി അമിത ലാഭം ഉത്പന്ന നിര്‍മ്മാതാക്കള്‍ സ്വായത്തമാക്കുകയും ചെയ്യുന്നു. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ് ഓഫ് പ്രൊഡക്ഷന് ഇക്കാര്യത്തില്‍ ഇടപെടാം. റബ്ബര്‍ വില കുറയുമ്പോള്‍ പറയും 10 കിലോ ഉള്ള കാറിന്റെ ടയറില്‍ 1.6 കിലോഗ്രാം റബ്ബര്‍ മാത്രമെ ഉള്ളു എന്നും അതിനാല്‍ ടയര്‍ വിലയില്‍ സാവാഭാവിക റബ്ബറിന്റെ പങ്കാളിത്തം കുറവാണ് എന്നും പറയും. 50 കിലോ വരുന്ന ട്രക്ക് ടയറിന് 20 കിലോ ഉപയോഗിക്കുമ്പോള്‍ 40% പങ്കാളിത്തമാണ് സ്വാഭാവിക റബ്ബറിനുള്ളത്. അതിനാല്‍ റബ്ബര്‍ വില ഉയരുമ്പോള്‍ ടയര്‍ വില ഉയര്‍ത്തുവാന്‍ അതൊരു കാരണമാകുകയും ചെയ്യും.
ആവശ്യകതയും ലഭ്യതയും വിലയിരുത്തിയാണ് റബ്ബര്‍ ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന് കുറവുള്ള റബ്ബര്‍ ഇറക്കുമതിക്കായി ശുപാര്‍ശ ചെയ്യുന്നത്. ഇറക്കുമതി ശുപാര്‍ശ ചെയ്യുവാന്‍ വേണ്ടി കണക്കില്‍ ബാലന്‍സ് സ്‌റ്റോക്ക് കുറച്ചുകാട്ടുന്നതും റബ്ബര്‍ ബോര്‍ഡുതന്നെ. ഇറക്കുമതിക്ക് കസ്റ്റംസ് ക്ലീയറന്‍സിനായി കൊടുക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്. അധിക സ്‌റ്റോക്കുള്ളപ്പോഴും ആഭ്യന്തരവിലയേക്കാള്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്താല്‍ ആഭ്യന്തരവിലയും ഇറക്കുമതി വിലയും തമ്മിലുള്ള അന്തരം ആന്റിഡമ്പിംങ് ഡ്യൂട്ടി ആയി ചുമത്തുവാന്‍ ഗാട്ട് കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഇറക്കുമതിമൂലം ഏതെങ്കിലും രാജ്യത്ത് വിലക്കുറവോ, പ്രതി ഹെക്ടര്‍ ഉത്പാദനകുറവോ സംഭവിച്ചാല്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ കഴിയും. മലേഷ്യയില്‍ നിന്ന് താണവിലയ്ക്ക് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ആന്റി ഡമ്പിംഗ് ഡ്യൂട്ടി നല്‍കേണ്ടത്. ചുമത്തേണ്ടത് ഭാരത സര്‍ക്കാരും. തിരിച്ചായാല്‍ ഇന്ത്യന്‍ സ്ഥാപനവും. ചുമത്തേണ്ടത് മലേഷ്യന്‍ സര്‍ക്കാരും. ട്രക്ക് ബസ് ടയറുകളുടെ ഇറക്കുമതി വര്‍ദ്ധിച്ചപ്പോള്‍ ആത്മ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാനായി പരാതിപ്പെട്ടു. അവര്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത റബ്ബറിന് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ കര്‍ഷക സംഘടനകളോ ജനപ്രതിനിധികളോ പരാതിപ്പെടില്ല.
ഉത്പന്ന കയറ്റുമതി ഇറക്കുമതികള്‍ അമ്പരപ്പിക്കുന്നവയാണ്. പല കരാറുകളിലൂടെയും നികുതി രഹിത ഇറക്കുമതിക്ക് അനുവാദമുണ്ട്. ആഗോളതലത്തില്‍ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്താണെന്ന് അവകാശപ്പെടുകയും കയറ്റുമതി ചെയ്യുന്ന നിര്‍മ്മിത ഉല്പന്നങ്ങളേക്കാള്‍ അഞ്ച് മടങ്ങ് മൂല്യത്തിന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. 201112 ല്‍ 12973.89 കോടി രൂപയുടെ ഉത്പന്ന കയറ്റുമതിയും 62062.926 കോടി രൂപയുടെ ഉത്പന്ന ഇറക്കുമതിയും നടന്നതായി കാണാം. പല വിവരങ്ങളും റബ്ബര്‍ബോര്‍ഡ് പൊതുജനത്തില്‍ നിന്ന് മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്. വിവരാവകാശത്തിലൂടെ നേടിയെടുക്കുവാന്‍ കഴിയുന്ന പ്രസ്തുത വിവരങ്ങള്‍ നേടിയെടുക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറില്ല. പകരം റബ്ബര്‍ ബോര്‍ഡിലെ വക്താക്കള്‍ എഴുതിക്കൊടുക്കുന്നത് പ്രസിദ്ധീകരിക്കുകമാത്രമാണ് ചെയ്യുന്നത്.
റബ്ബര്‍ കര്‍ഷകരുടെ പ്രതിനിധിയായി പല വേദികളിലും പ്രത്യക്ഷപ്പെടുന്ന സിബി ജെ മോനിപ്പള്ളി പറയുന്നതും പ്രവര്‍ത്തിക്കുന്നതും കര്‍ഷകര്‍ക്കെതിരായിട്ടാണ്. റബ്ബര്‍ പോളിസി നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവതരണം ഇത്തരത്തിലായിരുന്നു. ആത്മ റബ്ബര്‍ സ്ഥിതിവിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന് പറയുമ്പോള്‍ കണക്കുകളില്‍ ക്രമക്കേടില്ല എന്ന് സിബി പറയുന്നു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിലാണ് പ്രസ്തുത അഭിപ്രായം രേഖപ്പെടുത്തിയത്. വര്‍ഷങ്ങളായി വിശകലനം ചെയ്ത റബ്ബര്‍ കണക്കിലെ ക്രമക്കേടുകള്‍ അറിയാമായിരുന്നിട്ടും കര്‍ഷക സംഘടനാപ്രതിനിധിയായി റബ്ബര്‍ കര്‍ഷകരെ ചതിക്കുകയാണ് ചെയ്യുന്നത്. ഒരേ വ്യക്തി പല റോളുകളില്‍ അവതരിക്കുന്നതിന്റെ പരിണിതഫലമാണിത്.