രണ്ടാം ജന്‍മദിനത്തിന് മുന്‍പേ പ്രവാസി മലയാളി ഫെഡറേഷന്‍ വിസ്മൃതിയിലേക്ക്; മുഖ്യ രക്ഷാധികാരിയും ഗ്ലോബല്‍ ചെയര്‍മാനുമടക്കം സംഘടനയില്‍ നിന്നും പ്രമുഖര്‍ പുറത്തേയ്ക്ക്

പ്രത്യക ലേഖകന്‍


ഗ്ലോബല്‍ ഭാരവാഹികളും മുഖ്യരക്ഷാധികാരിയുമടക്കം വന്‍നിര പുറത്തേയ്ക്ക്….
സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാനും കമ്മിറ്റിയ്ക്കും മുകളില്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുടെ ഏകാധിപത്യം! അധികാര മോഹവും വ്യക്തിപൂജയും സംഘടനയെ നാമാവേശഷമാക്കി…

ലോകത്തെ ആള്‍വാസമുള്ള എല്ലായിടത്തും മലയാളിയുണ്ട്. നിരവധി കൂട്ടായ്മകളും സംഘടനകളുമുണ്ട്. ഈ സംഘടനകളെല്ലാം പ്രവാസി മലയാളികള്‍ക്ക് എന്തെങ്കിലും ഗുണകരമായ സംഭാവന നല്‍കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം പലപ്പോഴും ശൂന്യമാണ്. ആ ശൂന്യമായ ഉത്തരത്തിനിടെ ഇതാ പ്രവാസ ലോകത്തെ ഒരു സംഘടന കൂടി നാമാവശേഷമാകുന്നു. പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ് മാണിയന്‍ സിദ്ധാന്തം പോലെയാണ് പല പ്രവാസി സംഘടനകളുടെയും സ്ഥിതി. ഈ ശ്രേണിയില്‍ ഒടുവില്‍ പിളര്‍ന്ന് നാമാവശേഷമാകുന്നത് പ്രവാസി മലയാളി ഫെഡറേഷനെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആഗോള സംഘടനയാണ്.

പ്രവാസി മലയാളി ഫെഡറേഷന്റെ മുഖ്യരക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ഗ്ലോബല്‍ ചെയര്‍മാന്‍, ഗ്ലോബല്‍ സെക്രട്ടറി ലത്തീഫ് തെച്ചി, ഗ്ലോബല്‍ ട്രെഷറര്‍ ഷൗക്കത്ത് പറമ്പി (കേരളം), ഗ്ലോബല്‍ പി.ആര്‍.ഒ സാന്റി മാത്യു, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഷാഹിത കമാല്‍, യൂറോപ്, ഗള്‍ഫ് പ്രവിശ്യകളില്‍ നിന്നുള്ള നേതാക്കളും ഉള്‍പ്പടെ പ്രധാന ഭാരവാഹികളെല്ലാം തന്നെ സംഘടനയില്‍ നിന്നും പുറത്തുപോയി കഴിഞ്ഞു. ഇതിനിടയില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇതേ സംഘടന ഇറ്റലിയില്‍ ഉത്ഘാടനം സംഘടിപ്പിച്ചത് സിനിമ രംഗങ്ങളെ വെല്ലുന്ന രീതിയിലാണ് എത്തിച്ചേര്‍ന്നത്. ഒടുവില്‍ പോലീസെത്തിയാണ് അവിടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

പി.എം.എഫ് എന്ന വിളിപ്പേരിലറിയപ്പെടുന്ന ഈ സംഘടനയുടെ ഘടനതന്നെ രസകരമാണ്. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാനും മുകളിലാണ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുടെ സ്ഥാനം. കെ.എം മാണിയുടെ അടുപ്പക്കാരനെന്ന് അവകാശപ്പെടുന്ന കൂത്താട്ടുകുളം സ്വദേശിയാണ് ഈ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍. ഒരു സംഘടനയിലെ സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കുമ്പോള്‍ അതിന്റെ വ്യാപ്തിയും, നല്‍കുന്ന പൊസിഷന്റെ ചുമതലയോ എന്താണെന്ന് പോലും മനസിലാക്കാതെയാണ് ഗ്ലോബല്‍ സംഘന എന്നും പറഞ്ഞു ഈ കൂട്ടര്‍ ഇന്റെനെറ്റിലൂടെ ഗീര്‍വാണം വാര്‍ത്തയാക്കുന്നത്. ജാനാധിപത്യം എന്ന ആശയം ഏഴയലത്തുപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ കൂട്ടരുടെ പ്രവാസികള്‍ക്ക് വേണ്ടിയുള്ള ‘പ്രവര്‍ത്തനം’ ഫേസ്ബുക്കില്‍ ആണെന്നതാണ് അതിലും രസകരം.

എന്തായാലും പുതിയൊരു പ്രവാസി സംഘടനയുടെ പിറവിയിലേക്കാണ് പി.എം.എഫിലെ കൊഴിഞ്ഞു പോക്ക് എത്തി ചേര്‍ന്നിരിക്കുന്നത്. രാജിവെച്ചു പോയവര്‍ ചേര്‍ന്നു പുതിയൊരു സംഘടനയ്ക്ക് രൂപം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തമ്മിലടിയും തൊഴുത്തില്‍ കുത്തും നേതൃത്വത്തിലെ ചിലരുടെ വാശിയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പുറത്തുപോയ ഗ്ലോബല്‍ നേതാക്കള്‍ പലതവണ അനുരഞ്ജനശ്രമം നടത്തിയെങ്കിലും ചില വ്യക്തികളുടെ പിടിവാശിമൂലം സംഘടന തകരുകയാണ് ഉണ്ടായത്. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ തന്നെ അംഗങ്ങള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്തുണയുമായി സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും ഭാരവാഹികളും രംഗത്തെത്തിയതോടെ പുതിയ സംഘടന പിറക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.

അധികാര മോഹവും വ്യക്തി പൂജയുമാണ് പി.എം.എഫിലെയും തമ്മിലടിക്ക് കാരമായത്. എല്ലാ അധികാരവും തനിക്കാണെന്ന ധാരണയില്‍ കോ ഓര്‍ഡിനേറ്ററും, അദേഹത്തെ അന്യായമായി അനുകൂലിച്ചു യു.എന്‍ ഓര്‍ഗനൈസഷനില്‍ നിന്നുള്ള ചില തല്പര കക്ഷികള്‍ ഒരു ഭാഗത്തും, എന്തെങ്കിലും പ്രവര്‍ത്തനങ്ങളും, സമ്മേളങ്ങളുമായി സംഘടനയെ പ്രവാസലോകവുമായി കൂടുതല്‍ ബന്ധിപ്പിച്ചു സംഘടനയ്ക്ക് ഒരു ആഗോള മുഖം നല്‍കാന്‍ ഗ്ലോബല്‍ ചെയര്‍മാനും ഭാരവാഹികളും മറുവശത്തും ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കവും ഒടുക്കവും. അതേസമയം ഗള്‍ഫില്‍ നല്ല രീതിയില്‍ തുടര്‍ന്ന കമ്മിറ്റി യാതൊരു പ്രകോപനവും ഇല്ലാതെ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ എന്ന പറയുന്ന വ്യക്തി മരവിപ്പിക്കുകയും, യാതൊരു ജനാധിപത്യ മര്യാദകളും ഇല്ലാതെ പുതിയ ഭാരവാഹികളെ ചുമതലപ്പെടുത്തിയതും ആ മേഖലയില്‍ ശ്കതമായ ഭിന്നിപ്പ് രൂപപ്പെടാന്‍ കാരണമായി. ഇരു കൂട്ടരും അവരവരുടെ ന്യായങ്ങളുമായി അണിനിരന്നതോടെയാണ് തമ്മില്‍തല്ല് രൂക്ഷമായത്. 2016 സെപ്തംമ്പറില്‍ ആദ്യവാരം ഭരണ, പ്രതിപക്ഷ മന്ത്രിമാരെയും സാംസ്‌കാരിക സിനിമ രംഗത്തെ പ്രമുഖരെയും അണിനിരത്തി വന്‍പ്രവാസി സംഗമം വിയന്നയില്‍ സംഘടിപ്പിക്കാന്‍ ഗ്ലോബല്‍ ഭാരവാഹികള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ഇടപ്പെട്ട് പരിപാടിയില്‍ ഭാഗമാകാന്‍ വന്‍കിട സ്‌പോണ്‍സര്‍മാരെ വരെ മുന്നോട്ടുകൊണ്ടുവന്ന് സംഗമം ലോകമലയാളികള്‍ക്കിടയില്‍ ഊര്‍ജിതമായി പ്രൊമോട്ട് ചെയ്തിരുന്നു. എന്നാല്‍ പരിപാടി മാത്രം നടന്നില്ല.

അപ്രതീക്ഷിതമായ ഒരു സംഭവമാണ് പരിപാടി നടക്കാതെ പോയതിന് കാരണമായി ഗ്ലോബല്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാമത്തെ ആളാകാന്‍ ശ്രമിച്ച ഓസ്ട്രിയ പ്രസിഡന്റിന്റെ അധികാരമോഹമാണ് കാര്യങ്ങള്‍ വഷളാക്കിയത്. അതോടൊപ്പം
ഇല്ലാത്തൊരു ഡയറക്ടര്‍ ബോര്‍ഡിന്റെ പേരു പറഞ്ഞ് മുന്നറീപ്പില്ലാതെ നിലവിലുള്ള കമ്മിറ്റിയെ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ മരവിപ്പിച്ചു. ഉള്‍ഗ്രൂപ്പുണ്ടാക്കി നിരവധി കാര്യങ്ങള്‍ മറ്റുതലത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഉപജാപം നടത്തുകയും, മുഖ്യരക്ഷാധികാരിയായ സ്വാമിയ്ക്കും, ഗ്ലോബല്‍ ചെയര്‍മാനും ഗ്ലോബല്‍ കമ്മിറ്റിക്കും മുകളിലാണെന്ന് ചിന്തിക്കുന്ന കോഓര്‍ഡിനേറ്ററുടെ കളിയിലൂടെ പി.എം.എഫ് അകാല ചരമത്തിലേക്കുള്ള യാത്ര തുടങ്ങി.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വാമി ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ഷാഹിദ കമാല്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍, സംഘടനയുടെ പി.ആര്‍.ഒ സാന്റി മാത്യു എന്നിവര്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. കഴിഞ്ഞ 16ന് എറണാകുളത്ത് അനുരഞ്ജന യോഗം ചേരാന്‍ തീരുമാനിച്ച് എല്ലാവരും എത്തിയിട്ടും ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ മാത്രം മനഃപൂര്‍വ്വം പരിപാടിയില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് വാഗമണ്ണില്‍ നടന്ന സമ്മേളനത്തില്‍ അവസാനഘട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞപ്പോള്‍ സഘടനയ്ക്കു നഷ്ടപ്പെട്ടത് മൊത്തം നേതൃത്വനിരയെ തന്നെയാണ്. അനുരഞ്ജന ശ്രമങ്ങളുടെ വാതില്‍ അടഞ്ഞതോടെ സ്വാമി ഗുരുരത്‌നം ഉള്‍പ്പടെ ഭാരവാഹികള്‍ പ്രവാസി മലയാളി ഫെഡറേഷനില്‍ നിന്നും ഒഴിയുകയായിരുന്നു. അതേസമയം വിവിധ കാരണങ്ങളുണ്ടാക്കി മുന്‍പ് സംഘടനയില്‍ നിന്നും പുകച്ചു പുറത്തു ചാടിച്ചവര്‍ ഉള്‍പ്പടെ പുതിയൊരു പ്രവാസി സംഘടയ്‌നക്കുള്ള ഒരുക്കത്തിലാണ്.

എന്താണ് പ്രവാസി സംഘടനകള്‍ക്ക് സംഭവിക്കുന്നത്. സംഘടനയുടെ തലപ്പത്തുണ്ടാകുന്ന തമ്മിലടിയും അധികാര മോഹവും തന്നെയാണ് പ്രവാസി സംഘടനകളെ തകര്‍ക്കുന്നത്. ലോകത്തൊട്ടാകെ നാലു മലയാളി കൂടുന്നിടത്തെല്ലാം സംഘടനകള്‍ രൂപപ്പെടാറുണ്ട്. ഇതുകൊണ്ട് പ്രവാസി മലയാളികള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ചാല്‍ ഫലം സ്വാഹ… യോഗം ചേരുക, മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുക, പ്രമുഖര്‍ക്ക് സ്വീകരണം ഒരുക്കുക…(ചിലപ്പോഴക്കെ പിരിവും, മെമ്പര്‍ഷിപ് വിതരണവും ഉഷാറായി നടക്കും…) ഇതിന്റെ നേട്ടം സംഘടന നടത്തികൊണ്ടുപോകുന്നുവെന്നു അവകാശപ്പെടുന്ന ചില നേതാക്കള്‍ക്ക് മാത്രം. കൃത്യമായ ചട്ടക്കൂടില്ലാതെ പ്രവര്‍ത്തിക്കുന്നതും വ്യക്തി താല്‍പര്യങ്ങളുമാണ് പ്രവാസി സംഘടനകളുടെ നാശത്തിന് കാരണം.

ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സംഘടനകള്‍ ഇല്ലെന്നല്ല. അവ നാമമാത്രമാണ്. ലക്ഷ്യബോധമില്ലാവര്‍ സംഘടനകളുടെ തലപ്പത്ത് എത്തുന്നതും തട്ടിപ്പ് സംഘടനകളും പ്രവാസിയെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുകയാണ്. പ്രവാസി മലയാളി ഫെഡറേഷന്റെ തകര്‍ച്ചയ്ക്ക് കാരണം ഗള്‍ഫ് പ്രതിനിധികളുടെ ഇടയില്‍ ഗ്ലോബല്‍ കോഓര്‍ഡിനേറ്ററും ശിങ്കിടികളും ഉണ്ടാക്കിയ പ്രതിസന്ധികളും, വിയന്നയിലെ ആഗോള സംഗമത്തിന്റെ പേരിലുണ്ടായ ഭിന്നതയും അധികാര തര്‍ക്കവും തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. ഒരു രൂപയുടെ ഉപകാരമില്ലാത്തവര്‍ ഒരു കോടി രൂപയുടെ മുതല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതുപോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പരക്കം പായുമ്പോള്‍, ഏതു ബാധയും ഏറ്റുവാങ്ങാന്‍ പാവം പ്രവാസിയുടെ ജീവിതം പിന്നെയും ബാക്കി. രണ്ടു ജന്‍മദിനം പോലും ആഘോഷിക്കാതെയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ വിസ്മൃതിയിലേക്ക് മായുന്നതെന്നതും ഏറെ ഖേദകരമാണ്.

മലയാളി പ്രവാസ ലോകം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിലരുടെ വ്യക്തി താല്‍പര്യങ്ങളും നേട്ടങ്ങളും സാമ്പത്തിക ലാഭവും മാത്രം ലക്ഷ്യമിട്ടു കാലാകാലങ്ങളില്‍ മുളയ്ക്കുന്ന സംഘടനകള്‍ പ്രവാസ ലോകത്തിന് എന്ത് നേട്ടം സമ്മാനിച്ചു. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നും എന്തെങ്കിലും നിങ്ങള്‍ക്കായി നേടി തന്നിട്ടുണ്ടോ. തിരിച്ചറിവുകള്‍ ഇനിയും ഉണ്ടായില്ലെങ്കില്‍ തട്ടിപ്പു സംഘങ്ങള്‍ നിങ്ങളുടെ അധ്വാനത്തിന്റെ പ്രതിഫലത്തെ ഊറ്റിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതേസമയം മലയാളി സമൂഹത്തില്‍ പ്രത്യേകിച്ച് പ്രവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ അനുവദിക്കുക എന്നതും സംഘടനകളുടെ ലക്ഷ്യമാകണം. ജാഗ്രതൈ!