ചങ്ങമ്പുഴക്കവിതകളിലെ സ്വത്വരാഹിത്യം
എ.ടി. അഷ്റഫ് കരുവാരകുണ്ട്
സംഗീതത്തിന്റെ ഭാഷയും ഭാഷയുടെ സംഗീതവും രണ്ടാണ്. സംഗീതത്തിന്റെ ഭാഷ ഗാനമായ്
തീരുമ്പോള്‍ ഭാഷയുടെ സംഗീതം കവിതയായ് തീരുന്നു.
എസ്. ഗുപ്ത നായര്‍
സംഗീതത്തിന്റെ ഭാഷ ഗാനമായ് തീര്‍ന്നതും ഭാഷയുടെ സംഗീതം കവിതയായ് മാറിയതും
ചങ്ങമ്പുഴക്കവിതകളിലൂടെയാണ്…
If cleopatra’s nose had been shorter, the whole story of the world would have been different.
ക്ലിയോപാട്രയുടെ മൂക്കിന് അല്പം നീളം കുറഞ്ഞിരുന്നുവെങ്കില്‍ ലോക ചരിത്ര ഗതിതന്നെ മറ്റൊന്നാകുമായിരുന്നേനെ എന്ന് പറഞ്ഞത് ബ്ലസ് പാസ്‌ക്കല്‍ ആണ്. സീസറെയും മാര്‍ക്ക് ആന്റണിയെയും പ്രണയത്തിലകപ്പെടുത്തിയ, ജോര്‍ജ് ബെര്‍നാഡ് ഷായും (‘സീസര്‍ ആന്റ് ക്ലിയോപാട്ര’യില്‍ ക്ലിയോപാട്ര , പത്തുവയസുകാരനായ തന്റെ സഹോദരന്‍ ടോളമിയില്‍ നിന്ന് അധികാരം തിരിച്ച് പിടിക്കാന്‍ സീസറെ പ്രണയിക്കുന്നു) വില്യം ഷേക്ക് സ്പിയറും (‘ആന്റണി ആന്റ് ക്ലിയോപാട്ര’യില്‍ ,ക്ലിയോപാട്രയുടെ അതുല്യ സൗന്ദര്യത്തില്‍ ആകൃഷ്ടനായി ഔദ്യോഗിക ചുമതലകള്‍ പോലും മറക്കുന്നു, മാര്‍ക്ക് ആന്റണി) വിത്യസ്ത ക്ലൈമാക്‌സുകളുള്ള നാടകങ്ങളെഴുതാന്‍ പ്രേരിപ്പിക്കപ്പെട്ട ആ സുന്ദര മേനിയിലെ മൂക്ക് എപ്രകാരമായിരിക്കും ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ടാവുക എന്നറിയില്ല. പക്ഷേ , ഇടപ്പള്ളി എന്ന സ്ഥലത്ത് രാഘവന്‍ പിള്ള എന്ന കവി ജനിച്ചിട്ടില്ലായിരുന്നുവെങ്കില്‍ , കറുത്തിരുണ്ട ആ ദരിദ്രന്‍ , കുബേര പുത്രിയും സ്വര്‍ണ്ണ വര്‍ണ്ണമുള്ളവളുമായിരുന്ന ‘ചന്ദ്രികക്ക് ‘ ട്യൂഷന്‍ എടുക്കുകയും അവളെ പ്രണയിക്കുകയും വിവാഹം കഴിക്കാനാകാത്തതിനാല്‍ ആത്മഘാതിയാവുകയും ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ , ചങ്ങമ്പുഴ ‘രമണന്‍’ എഴുതിയിട്ടില്ലായിരുന്നുവെങ്കില്‍ മലയാള കവിതാ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നേനെ !
ദുര്‍മരണങ്ങള്‍ ദുരാരോപണങ്ങള്‍ക്കും നിമിത്തമാകാം എന്നതിനാലായിരിക്കാം , ഇടപ്പള്ളിയെ കൊന്ന് കെട്ടിതൂക്കിയതാണെന്നും ചിലരൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ,
പുരാണ കഥകളെയും മിസ്റ്റിക്ക് വ്യക്തിത്വങ്ങളെയും അനുസ്മരിപ്പിച്ച് അക്ഷര സ്ഫുടതയോടെ ഡയലോഗുകള്‍ വീശുകയും എന്നാല്‍ ദുഷ്ടതകള്‍ മാത്രം ചെയ്യുകയും ചെയ്യുന്ന മലയാള സിനിമയില വില്ലന്മാരായ സായ് കുമാര്‍, സിദ്ദിഖ് തുടങ്ങിയവരെപോലെ പ്രതിഭാ വിലാസവും ബുദ്ധി കുശലതയുമുള്ള വില്ലന്മാരായിരിക്കണം ഇടപ്പള്ളി വധത്തിനു പിന്നില്‍. കാരണം , കടിഞ്ഞൂല്‍ പ്രണയം തകര്‍ന്നടിഞ്ഞ് നിരാശയില്‍ നിപതിച്ച് മറുനാടുകളില്‍ അലഞ്ഞിരുന്ന ഇടപ്പള്ളിയെ കിഡ്‌നാപ്പ് ചെയ്ത്, ഒളിവില്‍ താമസിപ്പിച്ച്, മരണഗന്ധം പേറുന്ന കവിതകളെഴുതിപ്പിച്ച് അത് ആനുകാലികങ്ങളില്‍ വരുത്തിച്ചതിനു ശേഷം (അവസാനത്തെ കവിതയായ ‘മണിനാദ’ത്തില്‍ ഉടനീളം മരണത്തിന്റെ നാദങ്ങളാണല്ലോ!) മരണയാത്രയിലേക്ക് തയ്യാറെടുപ്പ് നടത്തുന്നതായി എഴുതിപ്പിച്ച ഡയറിക്കുറിപ്പുകകളില്‍, തന്റെ ആത്മഹത്യയുടെ പേരില്‍ നിരപരാതികളെ ശിക്ഷിക്കരുതേ എന്ന അപേക്ഷയും എഴുതിപ്പിച്ച ശേഷം തല്ലിക്കൊല്ലുക! എന്നിട്ട്, മണവാളനാക്കി ചമയിച്ചു കഴുത്തിലൊരു പൂമാലയും ചാര്‍ത്തി കെട്ടി തൂക്കുകയും ആത്മഹത്യക്ക് പ്രചോദനമേകുന്ന പുസ്തകങ്ങളവിടെ ഉപേക്ഷിക്കുകയും ചെയ്ത് രക്ഷപ്പെടുക. ഇങ്ങിനെയൊക്കെ ആയിരിക്കണമല്ലോ സംഭവിച്ചിട്ടുണ്ടാവുക, കൊലപാതകമാണെങ്കില്‍? അതായത് ഇടപ്പള്ളി കാലഘട്ടത്തിലെ കാവ്യാത്മകമായ ഒരു ഉത്തരാധുനിക കൊലപാതകം!
ഇടപ്പള്ളിയുടെത് കൊലപാതകമാണെന്നതിനു സാഹചര്യങ്ങള്‍ സാക്ഷി നില്‍ക്കുന്നില്ല. എന്നാല്‍ കൊലപാതകമല്ല എന്ന് ഉറപ്പിക്കാനും നമുക്ക് കഴിയില്ല. വില്ലന്മാര്‍ക്ക് വിവേകവും സഹൃദയത്വവും പാടില്ല എന്നുമില്ല. അറിവിലും അവബോധത്തിലും മറ്റു പതിനൊന്നു ശിക്ഷ്യന്മാരേക്കാള്‍ കേമാനായിരുന്നല്ലോ യൂദാസ് സ്‌കറിയോത്ത. സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് യേശുവിനോട് വാദപ്രതിവാദങ്ങള്‍ നടത്തുകയും, ലാസറിന്റെ സഹോദരിയായ മറിയം, വിലപിടിച്ച നാറദീന്‍ തൈലം ഉപയോഗിച്ച് യേശുവിന്റെ കാലുകള്‍ കഴുകിയപ്പോള്‍ ആ പണം പാവങ്ങള്‍ക്ക് കൊടുത്തുകൂടെ എന്ന് വിപ്ലവം പ്രസംഗിക്കുകയും ചെയ്തിരുന്ന യൂദാസ് ആയിരുന്നല്ലോ ഭണ്ഢാരപ്പെട്ടിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നതും ചില്ലറക്കാശിനു വേണ്ടി ഒറ്റുകാരനായതും. രാമ ലക്ഷ്മണ സീതാചരിതത്തിലെ നൊട്ടോറിയസ് വില്ലനായിരുന്ന രാവണന്‍, ഗര്‍ഭിണിയായ സീത കാട്ടില്‍ ഉപേക്ഷിക്കപ്പെടാനും തമസാ നദീ തീരത്തു വെച്ച് വാത്മീകി മഹര്‍ഷി കണ്ടുമുട്ടാനും അഗ്‌നിശുദ്ധി വഴി സീതക്ക് തന്റെ നിരപരാതിത്വം തെളിയിക്കേണ്ടി വന്നതിനുമെല്ലാം കാരണക്കാരനായ രാവണന്‍ സംഗീതവുമായി ബന്ധപ്പെട്ട ‘താമവേദ’ത്തില്‍ പാണ്ഢിത്യമുണ്ടായിരുന്ന ആളായിരുന്നുവല്ലോ. ബള്‍കീസ് രാജ്ഞിയുടെ സിംഹാസനം മുഴുവനായും പിഴുതുകൊണ്ടുവരന്‍ സുലൈമാന്‍ നബി (സോളമന്‍ രാജാവ് ) ജിന്നുകളോട് ആവശ്യപ്പെട്ടപ്പോള്‍ , കൂട്ടത്തിലെ മല്ലനായ ഒരു വില്ലന്‍ പറഞ്ഞത് ,’ അങ്ങ് അങ്ങയുടെ സദസ്സില്‍നിന്ന് എഴുന്നേല്‍ക്കും മുമ്പ് ഞാനത് അങ്ങേക്ക് കൊണ്ടുവരാം’ എന്നാണ്. അമാനുഷികമായ കഴിവുകളുള്ള ഈ പിശാചിന് , മനുഷ്യരെ പിഴപ്പിക്കാന്‍ ദൈവം നല്‍കിയ വരം നോക്കുക : അവരില്‍ നിന്ന് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന ( ഗാനവും സംഗീതോപകരണങ്ങളും)നീ ഇളക്കി വിടുക.
ഇവിടെ വിഷയം ഇടപ്പള്ളിയുടെ മരണമല്ല. പക്ഷേ , വാവരുടെ പള്ളി ദര്‍ശനം നടത്താതെ ഗുരുവായൂര്‍ സ്വാമിയെ മാത്രം കണ്ടു മടങ്ങുന്ന അയ്യപ്പ ഭക്തരുടെ വൃത സ്വീകാര്യതപോലെ , ‘രമണ’നില്ലാതെ മലയാള കവിതാ ചരിതത്തെയും ഇടപ്പള്ളിയില്ലാതെ ചങ്ങമ്പുഴയുടെ കാവ്യ ചരിത്രത്തെയും കുറിച്ചുള്ള വിചാരങ്ങള്‍ക്ക് പോലും സാഹിതീയ സ്വീകാര്യത ലഭിക്കില്ല എന്നതിനാല്‍ ഇടപ്പള്ളിയും ഇടപ്പള്ളിയുടെ ആത്മഹത്യയും ചങ്ങമ്പുഴയുടെ സ്മരണകളുമായി ബന്ധപ്പെട്ടതാണ്.
മലയാളത്തിന്റെ മഹാ കവി ചങ്ങമ്പുഴ ജനിച്ചിട്ട് നൂറ് വര്‍ഷം തികയും , ഒക്ടോബര്‍ പതിനൊന്നിന്. മരിച്ചിട്ട് അറുപത്തിമൂന്ന് വര്‍ഷം കഴിഞ്ഞു . ഇടപ്പള്ളി മരിച്ച അതേവര്‍ഷം തന്നെ മരണമില്ലാത്ത ‘രമണ’നെ സൃഷ്ടിച്ച ഒരു കവി തീര്‍ത്ത രമണീയ കാലഘട്ടത്തിലേക്ക് വരാം നമുക്ക്. കാവ്യ രഞ്ജിനിമാരുടെ സംഘ – മോഹന നര്‍ത്തനങ്ങള്‍ക്കിടയ്ക്ക് കാലിടറി യവനികക്ക് പിന്നിലേക്ക് പോയവരെയും ചിലങ്ക പൊട്ടി നാദം നഷ്ടപ്പെട്ടവരെയും അനുസ്മരിക്കാം നമുക്ക്…
എഴുതിയതൊക്കെ അനായാസം വിറ്റഴിക്കപ്പെടുക , എഴുതപ്പെട്ടതൊക്കെ ആര്‍ത്തിയോടെ വായിക്കപ്പെടുക എന്ന സിദ്ധി വൈഭവം കൊണ്ടായിരിക്കാം , ശത്രു പക്ഷത്തിന്റെ സജൈവ സാന്നിദ്ധ്യമുണ്ടായിരുന്നു മരണം വരെ ചങ്ങമ്പുഴക്ക് . കവിയെ അതിജയിക്കാന്‍ കഴിയാത്തവര്‍ കവിതയെയും കവിതയെ മറികടക്കാന്‍ കഴിയാത്തവര്‍ കവിയെയും മാറി മാറി വേട്ടയാടിയിരുന്നുവെങ്കിലും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയില്‍ നിന്നും ഇ. വി കൃഷ്ണപ്പിള്ളയില്‍ നിന്നും ഒഴുകിയെത്തിയ സ്‌നേഹ നദി മഹാസാഗരത്തിന്റെ പരിലാളനമായിട്ടാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് അനുഭവപ്പെട്ടത്. എം. കെ . സാനു, വിജയന്‍ മാഷ് വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ കവിക്ക് നിത്യ സൗരഭ്യം പരത്തിക്കൊണ്ടിരിക്കുന്നവരാണ്. മനസ്വിനി, കാവ്യനര്‍ത്തകി, ആത്മരഹസ്യം , ആപൂമാല എന്നീ കാവ്യ മാലികയിലെ മുത്ത് മണികള്‍ അനുഗ്രഹിക്കപ്പെട്ട ശബ്ദ മധുരിമ കൊണ്ട് പാടിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നു , പ്രൊ. വി മധുസുദനന്‍ നായര്‍…
ഒരു ഒക്ടോബര്‍ പതിനൊന്നിനായിരുന്നു അനുഗ്രഹീതയായ പാറുക്കുട്ടിയമ്മ ചങ്ങമ്പുഴയെന്ന കൃഷ്ണ’പ്പിള്ള’യെ സാഹിത്യ
ലോകത്തിനു നല്കിയത്. കൈരളിക്ക് കവിയെ നഷ്ടപ്പെട്ടത് 1948 ജൂണ്‍ 17 നും. അതിനു മുന്‍പ് ഭാര്യ – ശ്രീദേവി -ക്ക് ഭര്‍ത്താവിനെ ‘നഷ്ട’പ്പെട്ടിരുന്നു. അതിനും മുന്‍പേ കുറെയേറെ സ്ത്രീകള്‍ക്ക് കാമുകനെയും… ഭര്‍ത്താവായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് കാമുകനായി മരിക്കുകയാണ് എന്ന് എം.എന്‍. വിജയന്‍. ചങ്ങമ്പുഴയാകട്ടെ, കാമുകിയെ വഞ്ചിച്ച് ഭര്‍ത്താവായി ജീവിച്ചു ; ഭാര്യയെ വഞ്ചിച്ച് കാമുകനായി മരിച്ചു !
എഴുതപ്പെട്ടതോ പറയപ്പെട്ടതോ ആയവകളില്‍ നിന്ന് തലനാരിഴ വ്യതിചലിച്ച് , കവിയോടുള്ള അനുരാഗമത്രയും നിലനിര്‍ത്തി കവിതകളിലെ പൊരുത്തക്കേടുകള്‍ തേടിയുള്ള ഒരന്യേഷണത്തിന്റെ ആമുഖം മാത്രമാണീ ലേഖനം. ചങ്ങമ്പുഴയുടേതല്ലാത്ത ഒരു
കാവ്യശകലവും ഇവിടെ ഉദ്ധരിക്കപ്പെടുന്നില്ല- കവിയുടെ ആരാധകര്‍ സവിനയം ക്ഷമിക്കുക.
വസന്തമെത്തിയ ഉദ്യാനത്തിലെ നീലക്കുയിലായി , മീനമാസ സൂര്യന്റെ തപമായി , തുലാവര്‍ഷത്തിലെ മേഘ ഗര്ജ്ജനമായി കവിതാ മനസ്സുകളാകുന്ന ആരാമത്തിന്റെ രോമാഞ്ചമായി നിലകൊള്ളുന്ന ചങ്ങമ്പുഴയെന്ന കവിയുടെ ജീവിതം,
ഒരുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഒരുപകുതി പ്രജ്ഞയില്‍ നിഴല്‍ പൂശിയ രാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതു പുളകങ്ങള്‍ ചൂടി
ചുടു നെടു വീര്‍പ്പുകള്‍ക്കിടയിലും കൂടി !
എന്ന പോലെതന്നെയായിരുന്നു…
ഇഷ്ടവും അനിഷ്ടവും പ്രണയവും വിരഹവും വിഷാദവും വിശേഷവും രാഗവും രോഗവും മദ്യവും മദിരാക്ഷിയും കൂട്ടിക്കലര്‍ത്തിപ്പാടിതിമിര്‍ത്ത ആ കാവ്യ ഗന്ധര്‍വനു മുമ്പില്‍ കാവ്യ നര്‍ത്തകിയും , മദാലസയെപ്പോലെ , മതിമറന്നാടുകയായിരുന്നു :
ഒഴുകുമുടയാടയില്‍ ഒളിയലകള്‍ ചിന്നി
അഴകൊരുടലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തന മാടുന്നയി മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ !
പ്രണയം തന്നെയായിരുന്നു പ്രചോദനമെങ്കിലും , കാലികളുടെ കൂടെ പാടത്ത് പണിയെടുക്കുന്ന ‘ഗുരുനാഥ’നെ ആദരിക്കുന്ന കര്‍ഷക പ്രേമവും കുടിയാന്‍ വാഴ നടാന്‍ ഉപയോഗിക്കുന്ന കൈക്കോട്ട് ക്രൂരനായ ജന്മിക്ക് നേരെ ഓങ്ങാന്‍ പ്രേരിപ്പിക്കുന്ന കീഴാള സ്‌നേഹവും മതത്തിന്റെ പേരില്‍ മത്സരിക്കാതെ വിജയത്തിലേക്ക് കുതിക്കാനുള്ള ആഹ്വാനവും സമ്പന്ന ലോകത്തു ജനം പട്ടിണി കിടക്കേണ്ടി വരുന്നതിലെ വ്യഥയും സാഹിതീയ ശത്രുക്കളെ എഴുതിതോല്‍പ്പിക്കാനുള്ള പദ സമ്പന്നതയും ഒരുപോലെ മേളിക്കുന്നതായിരുന്നു ആ കാവ്യ ഗംഗ :
സത്യ , മിപ്രേമപ്രതിഷ്ഠയ്ക്കുവേണ്ടി , യെന്‍
ഹൃത്തില്‍ തുളുമ്പും ചുടുനിണം കൂടിയും,
വേണെങ്കി, ലക്ഷണമര്‍പ്പണം ചെയ്യു , മെന്‍
പ്രാണാധിനാഥന്റെ പാദ പത്മത്തില്‍ ഞാന്‍.
നുകവും തോളതേതന്തി ക്കാളക്ക് പിന്‍പേ പോകും
സുകൃത സ്വരൂപമേ നിന്നെ ഞാന്‍ നമിക്കുന്നു.
പൊരിവെയിലിലീ നിന്റെ യുഗ്രമാം തപസ്സല്ലേ
നിറയെ കതിര്‍ക്കുല ചൂടിപ്പൂ നെല്‍പ്പാടത്തെ
ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ
പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍ ?
0
ജനതതന്‍ സമരത്തില്‍ , സമതതന്‍ സദനത്തില്‍
ജയലക്ഷ്മി നമ്മെയും കാത്തുനില്‍ക്കെ ;
മതമരത്തണല്‍ പണ്ടിപ്പഴി പറഞ്ഞന്യോന്യം
മണലെറിഞ്ഞെന്തേ നാം മത്സരിപ്പൂ ?
അണിയുവിന്‍ കവചങ്ങള്‍ കളയുവിന്‍ കലഹങ്ങ –
ലണിയിട്ടിട്ടണയുവിന്‍ സമരഭൂവില്‍.
0
മതിയാക്കു മത വൈര , മിരുള്‍ നീക്കി സ്വാതന്ത്ര്യ
ദ്യുതി പോഴിച്ചുയരാറായുദയ സൂര്യന്‍
0
ഉണ്ടു സമ്പത്തു ലോകത്തി , നെന്നാ
ലെന്റെ നാടിനു പട്ടിണി മാത്രം !
0
ഇന്നോളം കാല്‍ച്ചോടൊന്നു പിഴഴ്ക്കാതാടിപ്പോന്നൊ
രെന്നോമല്‍ക്കവിതേ , നിന്‍ കാല്‍കളിടറുന്നോ
എന്തിന് ? കലാബോധം തീണ്ടാത്ത കലാപ്രിയര്‍
നിന്‍ താണ്ഢവത്തിന്‍ നേര്‍ക്കു നീരസം ഭാവിച്ചിട്ടോ ?
അതിലത്ഭുതമില്ല , രാജഹംസത്തിന്‍ ലീലാ
സദനത്തിലെ , സ്സധാസാന്ദ്രമാനസത്തിലെ ,
ഹേമ പങ്കജ മാദ്ധ്വീമാധുരി മാനിക്കുമോ
ചേര്‍മണ്ണില്‍ ജജളൂകങ്ങള്‍ ചികയും പാഴ്‌കൊറ്റികള്‍ ?
തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവകാരികളും സമൂഹ നന്മക്കുതകുന്ന കവിതകളെഴുതുന്നവരുമെന്ന് അഹങ്കരിച്ചിരുന്നവരുമായ ഇതര കവികളോട് ,
അഴലുന്നതഖിലവും ഭീരുത്വമാണെങ്കില്‍
അലറുന്നതൊക്കെയും ധൈര്യമാണോ ?
എന്നൊക്കെ കവി ചോദിക്കുന്നുണ്ട്.
ചിരിപ്പിക്കും ഞാന്‍ , തേങ്ങി
ക്കരയിയ്ക്കയും ചെയ്യും
എന്ന് പറഞ്ഞതുപോലെ തന്നെ സ്വത്വരഹിതമായിരുന്നു ആ കവിതയും ജീവിതമഖിലവും …
കപട ലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദമുണ്ടായതാണെന്‍ പരാജയം
എന്ന് (1934) നിരാശപ്പെട്ട കവി , 1946 – ആയപ്പോഴേക്കും ,
കപടം നടിച്ചിടാന്‍ കഴിയുമിന്നെ
നിക്കുണ്ടൊരല്‍പം ജയം
എന്ന് തിരുത്തിപ്പറഞ്ഞു !
പാടി , പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തുകൂടാ
എന്ന് രമണനെ കൊണ്ട് ചന്ദ്രികയെ ഉപദേശിപ്പിക്കുന്ന കവി സ്വജീവിതത്തിലും കാവ്യ രചനയിലും ചെയ്തിട്ടുള്ളതിലേറെയും പാടേ മറന്നുകൊണ്ടുള്ളതായിരുന്നു.
സമ്മതിക്കുന്നു ഞാനിന്നെന്‍ പരാജയം
സൗമ്യമായെന്നെ നീ വിട്ടയക്കൂ
സ്വപ്നക്ഷതങ്ങള്‍ തന്‍ തോളില്‍ പിടിച്ചു ഞാന്‍
തപ്പിത്തടഞ്ഞ് തിരിച്ചുപോകാം
എന്ന് വിധിക്ക് മുമ്പില്‍ കീഴടങ്ങുന്ന കവി ,
എന്ത് വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുെളളാരീ ജീവിതം
എന്ന് ആഗ്രഹിക്കുകയും,
ജീവിതം തരാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ച് ജീവിതത്തോട് ഞാന്‍ വാങ്ങിടും
എന്ന് വിധിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു !
ഓര്‍ക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന
പൂക്കാലമെന്ന് വിളിക്കിലോ നിന്നെ ഞാന്‍ ,
എന്ന് പ്രിയതമയെ വിശേഷിപ്പികുകയും ,
പ്രേമമരന്ദം മരിച്ചോരു ജീവിത
ത്തൂമലരില്‍ തെല്ലുമാശയില്ലെങ്കിലും
മോഹനേ , നീയെനിക്കോരോ ദിനത്തിലും
സ്‌നേഹ സന്ദേശമയക്കണമോമനേ
എന്ന് വിലപിച്ച് പ്രണയിനിയുടെ പ്രേമ സന്ദേശം കാത്തിരിക്കുകയും ചെയ്യുന്ന കവി,
അതിന് മുന്‍പ് , പൂക്കാരി പെണ്‍കുട്ടിയുടെ പ്രണയ ദാരിദ്ര്യത്തെ നിസ്സഹായത പറഞ്ഞ്
തമസ്‌കരിക്കുന്നുമുണ്ട് :
ഇല്ലല്ലോ നിനക്കേകുവാനൊരു
ചില്ലിക്കാശുമെന്‍ കൈവശം !
ഓമനേ , മാപ്പിരന്നീടുന്നു ഞാ –
നാ മലര്‍മാര്‍ല്യം വാങ്ങിയാല്‍
എന്തുനല്‍കേണ്ടു പിന്നെ ഞാ , നെന്റെ
സന്തോഷത്തിന്റെ മുദ്രയായ് ?
0
മായാത്തകാന്തി വീശും മംഗളകിരണമേ,
നീയൊരു നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി-
ല്ലല്ലലില്‍ മൂടിനില്‍ക്കുമാനന്ദമേ!
എന്നും
വെള്ളത്താമരപോല്‍ വിശുദ്ധി
വഴിയും സ്ത്രീചിത്തമേ
എന്നുമൊക്കെ പുകഴ്ത്തുക മാത്രമല്ല ,
രോമാഞ്ചമിളകും നിന്‍ഹേമാംഗകങ്ങള്‍തോറും
മാമകകരപുടം വിഹരിക്കവെ ;
പുഞ്ചിരിപൊടിഞ്ഞ നിന്‍ ചെഞ്ചൊടിത്തളിരിലെന്‍
ചുംബനമിടയ്ക്കിടയ്ക്കമര്‍ന്നീടവെ;
നാമിരുവരുമൊരു നീലശിലാതലത്തില്‍
നാകനിര്‍വൃതി നേടിപ്പരിലസി – ക്കുകയും ചെയ്ത് അവസാനം,
നാരികള്‍ , നാരികള്‍ വിശ്വ വിപത്തിന്റെ
നാരായ വേരുകള്‍ നാരകീയാഗ്‌നികള്‍
എന്ന് ശപിക്കുകയും ചെയ്യുന്നു !
0
ഒരു വര്‍ണ്ണമാകിലും കുയിലുമക്കാനു-
മൊരുമിച്ചു ശബ്ദിച്ചാല്‍ ആരുനേടും ,
…….
ചെളിയിലെക്കീടമേ ലജ്ജയില്ലേ
ചിത്ര ശലഭത്തെ നോക്കിപ്പഴി പറയാന്‍
എന്നൊക്കെ സമകാലിക കവികളെ വെല്ലുവിളിക്കുകയും ,
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ
എന്നും
ഏതു നൃത്തം നടത്തുകയാണോ
സുന്ദരികളേ നിങ്ങളെന്‍ മുന്നില്‍
എന്നുമൊക്കെ ആത്മഹര്‍ഷം കൊള്ളുകയും ചെയ്ത കവി ,
മര്‍മ്മരം മേളിച്ച മാമാരക്കാവില്‍ ഞാന്‍
മന്ദാനിലനേറ്റിരിക്കുന്ന വേളയില്‍
നിത്യമെന്‍ കാതില്‍ അമൃതം വര്‍ഷംചെയ്ത
സത്യസംഗീതം സമസ്തവും ശൂന്യമായ്
എന്ന് പരിതപിക്കുന്നു !
വിത്ത നാഥന്റെ ‘ബേബി’ക്കു പാലും
നിര്‍ധന ‘ച്ചെറുക്ക’ന്നുമിനീരും ,
ഈശ്വരേചഛയ, ല്ലാകി , ലമ്മട്ടു
ള്ളീശ്വരനെ ച്ചവിട്ടുക നമ്മള്‍ ,
0
അറിയുവിന്‍ മത മണ്ഡലമിതുവരെ സൃഷ്ടിച്ചോ –
രഖില ദൈവങ്ങളും ചത്തു പോയി ,
മരിച്ചു ദൈവങ്ങള്‍ – മതിയിനി യുഴിച്ചിലും
മണിയടിയും വിടരില്ല , മിഴികള്‍ വീണ്ടും
0
പള്ളിയില്‍ ദൈവമില്ലില്ലമ്പലത്തിലും
കള്ളങ്ങള്‍ നിങ്ങള്‍ക്കു കണ്ണുകെട്ടി
എന്നൊക്കെ ദൈവ നിന്ദ നടത്തുകയും ചെയ്ത കവി പിന്നീട് ,
ഉണ്ടെമില്ലെന്നുമായ് നിങ്ങള്‍
പോരടിപ്പതു കണ്ടൊളിച്ചിരിക്കുമാ
മായാവിയോന്നുണ്ടല്ലോ ?
എന്താണസ്സരസന്റെ പേര്‍?
അതേ ! ദൈവം
ദൈവമെ മെന്തൊരത്ഭു –
മെന്നെയന്വേഷിച്ചിങ്ങോട്ടെത്തും
എന്ന് സമ്മതിക്കുകയും അവസാനം , ‘ പ്രേത ലോകം എന്നൊന്നുണ്ട്. ഞാന്‍ അങ്ങനെ ദൃഢമായി വിശ്വസിക്കുന്നു. മനസ്സ് – കര്‍മ്മം – വാക്ക് ഇവ മൂന്നിലും വിശുദ്ധിയുള്ളവര്‍ക്കേ മുക്തിയുള്ളൂ എന്ന് വേദങ്ങള്‍ ഘോഷിക്കുന്നു…… എല്ലാം ഞാന്‍ വെറുത്തു തുടങ്ങി … മരണമെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത പേടി. ഈശ്വരന്‍ എന്നെ ശിക്ഷിക്കാതിരിക്കില്ല..’ എന്നൊക്കെ വേദനിച്ച് പശ്ചാത്തപിക്കുകയും ചെയ്യുന്നു !
സര്‍വ്വശക്തനാമെന്റെ
സന്നിധാനത്തില്‍ കാണാം
സര്‍വവും ഭദ്രം , ശാന്തം
നിശ്ശബ്ദം , സുരക്ഷിതം !
മനസ്വിനിയേത് ? സങ്കല്‍പ്പകാന്തിയാര്?
വായനക്കാരനെ ആനന്ദിപ്പിക്കുന്നതിനേക്കാള്‍ അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും പ്രതിസന്ധിയിലകപ്പെടുത്തുകയും ചെയ്യുന്ന ‘മനസ്വിനി’ എന്ന കവിത , രോഗ ശയ്യയില്‍ ഭാര്യയുടെ അതിരില്ലാത്ത സ്‌നേഹ – പരിചരണം മനസ്സിനെ മഥിച്ചതിന്റെ ഫലമാണെന്ന് ഡോ. എസ്.കെ നായര്‍ക്കുള്ള മറുപടിക്കത്തിലൂടെ കവി പറയുന്നുണ്ടെങ്കിലും സാഹിത്യ ലോകം അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കിലും , പൂര്‍വ്വ കാമുകിയെ കണ്ടുമുട്ടിയതോ ദയനീയാവസ്ഥകേട്ടറിഞ്ഞതോ ആകാം യഥാര്‍ത്ഥ കാരണമെന്നല്ലേ ‘മനസ്വിനി’യില്‍ നിന്ന്
തന്നെ മനസ്സിലാക്കേണ്ടത് ?
മഞ്ഞത്തെച്ചിപൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലേ
നിന്നൂ ലളിതേ നീ എന്‍ മുന്നില്‍ നിര്‍വൃതി തന്‍ പൊന്‍കതിര്‍ പോലെ
സത്വഗുണശ്രീ ചെന്താമാരമലര്‍ സസ്മിതമഴകില്‍ വിടര്‍ത്തിയ പോല്‍
ചടുലോല്‍ പല ദള യുഗളം ചൂടി ചന്ദ്രിക പെയ്തൂ നിന്‍ വദനം
എന്നൊക്കെ സ്ത്രീ ഹൃദയത്തിലേക്ക് അനുരാഗത്തിന്റെ തേന്‍മാരി പെയ്യിച്ചുകൊണ്ട് , ഒറ്റപ്പത്തിയോടായിരമുടലുകള്‍ ചുറ്റുപിണഞ്ഞൊരു മണിനാഗത്തെപോലെ , പനനീര്‍ പൂവേറിയ തലമുടി പാറി വിലസുന്നുവെന്നുമൊക്കെ ഭാര്യയെ പ്രകീര്‍ത്തിക്കാന്‍ മാത്രം
എന്താണവിടെ സംഭവിച്ചത് ? അതിനുമാത്രം ശുഭകരമായിരുന്നില്ലല്ലോ ആ ദാമ്പത്യവും ! ( ‘കവിയോടോപ്പമുള്ള ജീവിതത്തില്‍ നിന്ന് എനിക്കൊരു സമാധാനവും കിട്ടിയിട്ടില്ല. വലിയ കവിയുടെ ഭാര്യ എന്ന പേരും പ്രശസ്തിയും കിട്ടിയെന്ന് മാത്രം. വല്ല കൂലിപ്പണിക്കാരനോ വിറകുവെട്ടുകാരനോ ഒക്കെ ആയിരുന്നെങ്കിലും മതിയായിരുന്നു’- ശ്രീദേവി ചങ്ങമ്പുഴ , കവി മരിച്ച് അരനൂറ്റാണ്ടിന് ശേഷം)
പല പല രമണികള്‍ വന്നു , വന്നവര്‍ പണമെന്നോതി നടുങ്ങീ ഞാന്‍
പല പല കമനികള്‍ വന്നൂ , വന്നവര്‍ പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍
കിന്നര കന്യക പോലെ ചിരിച്ചെന്‍ മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി : യെനിക്കവിടുത്തെ പോന്നോടക്കുഴല്‍ മതിയല്ലോ !
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു പോന്നോടക്കുഴലാണല്ലോ !
പണം ആവശ്യപ്പെട്ടോ പദവികള്‍ വാഴ്ത്തിക്കൊണ്ടോ കവിയെ സമീപിച്ചിരുന്ന തരുണികളുമായി സ്വന്തം ഭാര്യയെ തുലനം ചെയ്യുന്നതില്‍ എത്രമാത്രം ഔചിത്യമുണ്ട് ? കവിയുടെ പുല്ലാങ്കുഴല്‍ തനിക്കൊരു പോന്നോടക്കുഴലാണെന്ന് ഭാര്യ പറയാനുള്ള സാധ്യതയും
ഇല്ല. കാരണം , അതിനു മാത്രമുള്ള കവിതാ താല്‍പര്യമോ കവിയെന്ന നിലയില്‍ ഭര്‍ത്താവിനോട് ഒട്ടും ആരാധനയോ ശ്രീദേവിയെന്ന പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലല്ലോ ( ‘അദ്ദേഹത്തിന്റെ കവിതയൊന്നും ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ, എല്ലാം എന്നെ ചൊല്ലിക്കേള്‍പ്പിച്ചിരിന്നു.
കവിത വായിക്കുന്നത് ഇഷ്ടമായിരുന്നില്ല’ ) ദാമ്പത്യ ജീവിതത്തിന്റെ നിലനില്‍പ്പ് ഓര്‍ത്ത്, ചില സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ വായിക്കാനും കേള്‍ക്കാനും നല്ല അഭിപ്രായങ്ങള്‍ പറയാനും അവരുടെ ഭാര്യമാര്‍ നിര്‍ബന്ധിതമാകുന്നത് പോലെ, കവിയുടെ ആലാപനവും ശ്രീദേവി കേട്ടിരുന്നു എന്ന് വിവക്ഷ ! ഇനി , പുല്ലാങ്കുഴല്‍ തനിക്ക് പൊന്നോടക്കുഴലാണെന്ന് ഭാര്യ പറയുന്നത് കേട്ട് പുളകിതഗാത്രനാകുന്ന കവി പറയുന്നത് നോക്കുക :
പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ് .
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ , മമ നാഥേ !
നീയോ നിഹതേ , നീയോ ? നിത്യം
നീറുകയാണീ മമ ഹൃദയം
രോഗ സമയത്ത് , ഭാര്യയുടെ കളങ്കമില്ലാത്ത സ്‌നേഹം ബോധ്യപ്പെട്ടു എന്ന് പറയുകയും നന്ദി സൂചകമായി ‘മനസ്വിനി’ എഴുതുകയും ചെയ്ത കവി , ഭാര്യയുടെ കൂടെതന്നെ തുടര്‍ന്നും ജീവിക്കുന്ന കവി പിന്നെയുമെന്തിനാണ് / ആര്‍ക്കുവേണ്ടിയാണ് സ്വഹൃദയത്തെ നീറ്റുന്നത് ?
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാര്‍ദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്‍കരളില്‍ ?
കവിയായ ഭര്‍ത്താവ് തന്നെയായിരുന്നു ശ്രീദേവിയുടെ സ്വീയ വിഷാദമെന്നിരിക്കെ, കവി മാത്രം വിചാരിച്ചാല്‍ തീര്‍ക്കാവുന്നതായിരുന്നു ആ വിഷാദമെന്നിരിക്കെ
അങ്ങിനെയൊരു വേവലാതിയെന്തിന് ? ?
ചടുലോല്‍പല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്‍വദനം!
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം !
എന്ന വരികളും
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി ,
കൊടിയവസൂരിയിലുഗ്രവിരൂപത
കോമരമാടീ നിന്നുടലില്‍
രംഗം മാറി കാലം പോയി
ഭംഗം വന്നൂ ഭാഗ്യത്തില്‍
എന്നത് സത്യമാണെങ്കിലും , അതിനുത്തരവാദി ശ്രീദേവിയല്ലെന്നിരിക്കെ ,
ജാതകദോഷം വന്നെന്തിന്നെന്‍
ജായാ പദവി വരിച്ചൂ നീ
എന്ന് നിര്‍ദ്ദയം , നിഷ്‌കരുണം ചോദിക്കുന്നതെന്തിന് ??
വേദന , വേദന ലഹരിപിടിക്കും വേദന ഞാനതില്‍ മുഴുകട്ടെ !
മുഴുകട്ടേ , മമ ജീവനില്‍ നിന്നൊരു മുരളീ മൃതുരവമൊഴുകട്ടേ
എന്ന് പറഞ്ഞ് കവിത അവസാനിപ്പിക്കുന്നതെന്തിനാണ് ? ? ?
(വിവാഹിതയാകുമ്പോള്‍ പതിനേഴ് വയസ്സായിരുന്ന ശ്രീദേവിയുടെ ഇരുപത്തിഅഞ്ചാം വയസ്സിലാണ് കവി മരിക്കുന്നത് . പിന്നീട് എഴുപത്തി ഒന്‍പതാമത്തെ വയസ്സില്‍ മരിക്കുന്നത് വരെയുള്ള വൈധവ്യം. അതിനിടയില്‍ ദു:ഖങ്ങളും ദുരന്തങ്ങളും ദുര്‍മരണങ്ങളും…)
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്‍വെറുമൊരു തൊണ്ടായീ.
കാണാന്‍ കഴിയാ-കണ്ണുകള്‍ പോയീ;
കാതുകള്‍ പോയീ കേള്‍ക്കാനും !
ഈ വരികളിലൂടെ , കവിയായിരുന്നില്ല , തരുണിയായിരുന്ന ഭാര്യയായിരുന്നു രോഗിണി എന്ന് വായിച്ചെടുക്കുകയോ അല്ലെങ്കില്‍, ഒ.എന്‍.വി കുറുപ്പിന്റെ ‘ കുഞ്ഞേടത്തി’ യിലെ അജ്ഞാതനെപോലെ, ഒരു അജ്ഞാത ഉണ്ടെന്ന് തിരിച്ചറിയപ്പെടുകയോ അല്ലാതെ വായനക്കാരന് തരമില്ല !
നിന്‍കവി , ളമലേ , നനയുന്നില്ലേ നീ കുടികൊള്ളും വിജനതയില്‍ ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു മിടവപ്പാതിപ്പാതിരയില്‍
ശാരദ രജനിയിലെന്നതുപോല്‍ , നീ , ശാലിനി നിദ്രയിലമരുമ്പോള്‍.
കാട്ടാളന്‍ കണയെയ്‌തൊരു പൈങ്കിളി കാതരമായിപ്പിടയുമ്പോല്‍ ,
പിടയാറില്ലേ നിന്‍ഹിത ചേതന പിടികിട്ടാത്തൊരു വേദനയില്‍ ?
.. ………..
നിന്‍ കഥ ഓര്‍ത്തോര്‍ത്തെന്‍കരളുരുകി
സങ്കല്പത്തില്‍ വിലയിക്കേ ,
ഏതോ നിര്‍വൃതിയിക്കിളി കൂട്ടി
ചേതനയണിവൂ പുളകങ്ങള്‍ !
എന്നീ ‘മനസ്വിനി’യിലെ വരികളും ‘കോമാള രൂപിണി, ശാലിനി ‘ , ‘ശാലിനി നിദ്രയിലമരുമ്പോള്‍ ‘ എന്നീ പ്രയോഗങ്ങളും ഭാര്യയെ കുറിച്ചല്ല മറിച്ച് , കവിയുടെ യഥാര്‍ത്ഥ കാമുകിയും ‘സങ്കല്‍പ്പകാന്തി’ യില്‍ ‘പ്രേമ വിശാലം’ എന്ന് സംബോധന ചെയ്യപ്പെട്ട എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിനിയും പിന്നീട് തഹസീല്‍ദാരായി ജോലി ചെത് അവിവാഹിതയായി കഴിഞ്ഞിരുന്നതുമായ സ്ത്രീയെ കുറിച്ച് തന്നെ !
‘ഹൃദയമുള്ള സര്‍പ്പം ‘ എന്ന കവിതയിലും ഒരു മനസ്വിനി പ്രയോഗം നടത്തുന്നുണ്ട് കവി :
സര്‍പ്പമാകാം ഞാന്‍ , വിഷം വമിയ്ക്കാ , മൃഗ
ദര്‍പ്പണവുമുണ്ടാമെനിയ്ക്കു , പക്ഷേ
അത്രയ്ക്കു മാത്രം മനസ്വിനിയാന്നു നീ
കൊത്തുകയില്ല ഞാന്‍ നിന്നെ മാത്രം !
തിലോത്തമ , ഹേമന്ത ചന്ദ്രിക , മോഹിനി , ശാലിനി , ദേവയാനി , വല്‍സല പോലുള്ള പേരുകള്‍ കവിതയ്ക്ക് നല്‍കുകയും പ്രസ്തുത നാമധാരികളുടെ ഉറക്കം കെടുത്തി പ്രണയത്തിലകപ്പെടുത്തി കീഴ്‌പ്പെടുത്തുകയുമായിരുന്നപ്പോള്‍ ഇതില്‍ പറയപ്പെടുന്ന മനസ്വിനിയെ ‘കൊത്താ’നല്ല വളര്‍ത്താനാണ് കവി നിശ്ചയിച്ചിരുന്നത് എന്നര്‍ത്ഥം ! ഇന്നത്തെ കാലത്ത് സിനിമയിലോ സീരിയലിലോ പാട്ട് സീനുകളിലോ ഒരു അവസരം കിട്ടുന്നതുപോലെയോ അതിനപ്പുറമോ ആയിരിക്കാം , അന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് , തന്റെ പേരില്‍ എഴുതപ്പെട്ടതോ തന്റെ പേര് പരാമര്‍ശിക്കപ്പെടുന്നതോ ആയ ഒരു കവിത. സ്‌ത്രൈണ നാമത്തിലുള്ള ശീര്‍ഷകങ്ങളോടെ കവിതകളെഴുതിക്കൊണ്ട് ഒരു വെടിക്ക് ഒരുപാട് പക്ഷികളെ വെടിവെച്ച് വീഴ്ത്തിയിട്ടുള്ള കവിയുടെ വെടിയേറ്റ് വീണ ഇരട്ട പക്ഷികളിലെ ഒരു പക്ഷി മാത്രമാണ് ‘മനസ്വിനി’ യിലെ ശ്രീദേവി എന്ന (ഹത ) ഭാര്യ.
‘ എന്‍ ജീവിതത്തിലേക്ക് ‘ ആരുമറിയാതെ നടന്നു വരുന്നവള്‍ എന്നാണ് ആത്മാവിന്റെ നേരും നിറവും കലര്‍ത്തിയെഴുതിയ ‘സങ്കല്‍പ്പകാന്തി’ യിലൂടെ കവിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടായിരുന്ന ആ സ്ത്രീ സ്വാഗതം ചെയ്യപ്പെടുകയും സംബോധന ചെയ്യപ്പെടുകയും ചെയ്യുന്നത് :
പേര്‍ത്തുമെന്‍ ചിത്തം തുളുമ്പിടുമാറതാ
കേള്‍പ്പു നിന്‍ നേരിയ കാല്‍ചിലമ്പൊച്ചകള്‍
… .. ….. …… …………… ………………….
ഒന്നുമില്ലെങ്കിലു മേകുവനുണ്ടെനിയ് –
ക്കെന്നെ നിനക്കെന്‍ വിന്നീതോപഹാരമായ്
മജ്ജീവിതത്തിലെ സര്‍വ രഹസ്യവു –
മുജ്ജ്വലത്തായ മല്‍ സ്വപ്ന സാമ്രാജ്യവും
എന്നൊക്കെ സുമുഖനായ കവിയാല്‍ വാഴ്ത്തപ്പെടുകയും വീട്ടുകാരാല്‍ പരസ്പരം വിവാഹമാലോചിക്കപ്പെടുകയും ചെയ്തതിനു ശേഷം പ്രണയവും വിവാഹവും നിഷേധിക്ക പ്പെട്ടതിനാല്‍ നിത്യകന്യകയായി കഴിഞ്ഞ പൂര്‍വ്വ കാമുകിയെ ജീവിതാവസാനത്തില്‍ ( രോഗ ശയ്യയില്‍ ) കവി കണ്ടുമുട്ടിയതോ അല്ലെങ്കില്‍ കേട്ടറിഞ്ഞപ്പോഴുള്ള കുറ്റബോധമോ ആണ് ‘മനസ്വിനി’യുടെ പിറവിക്ക് നിദാനമെന്ന നിഗമനത്തിലെത്തുന്നതായിരിക്കും , വിദ്യാലയങ്ങളില്‍ ഇനിമുതല്‍ ആ രീതിയില്‍ അദ്ധ്യയനം നടത്തുന്നതായിരിക്കും കാവ്യ കൈരളി ചരിതത്തിന്
ഹിതകരം.
0
താള – ലയങ്ങളുടെ വികലമേളനം കൊണ്ട് വിരഹ ദാമ്പത്യത്തില്‍ നിപതിച്ച ഭാര്യയുടെ
വേദനകലര്‍ന്ന രോദനം ഒരു വശത്ത്. ‘ഒരു ചിത്ര ശലഭം ചിറക് കൊഴിഞ്ഞ് പിടയുന്നത് കാണുമ്പോള്‍ കണ്ണുനീര്‍ വരുന്ന എനിക്ക് തന്നെയാണ് സ്വകാന്തയുടെ ഹൃദയരക്തം കുടിക്കുന്നതില്‍ മദാന്തമായ പൊട്ടിച്ചിരി പുറപ്പെടുന്നത് ‘ എന്ന സ്വത്വ വൈരുദ്ധ്യം നിറഞ്ഞ
കുറ്റസമ്മതം മറുവശത്ത്. ഇവര്‍ക്കിടയില്‍ , സര്‍വ്വ സമര്‍പ്പണം നടത്തി ‘ നാക നിര്‍വൃതി ‘ നേടാന്‍ തയ്യാറായിരിക്കുന്ന കാമിനികളുടെയും കാന്തികളുടെയും കവനപ്രിയരുടെയും
കതകടക്കാതെയുള്ള കാത്തിരിപ്പ് . . .
ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
എന്ന പോലെ , കാക്കയുടെ കൌശലവും കുയിലിന്റെ സ്വരമാധുരിയും കോഴിയുടെ കാമനയും മാടപ്രാവിന്റെ വിനയവും പരുന്തിന്റെ ധിക്കാരവും മയിലിന്റെ അഹങ്കാരവും ഉള്‍ചേര്‍ന്ന
ഒറ്റ ഉടല്‍. ചിലപ്പോള്‍ , ദേവരൂപത്തില്‍ നിന്ന് പാടുന്ന പിശാചിലേക്കുള്ള ഭാവമാറ്റം. പിന്നെ , പുനര്‍ജ്ജനിക്ക് വേണ്ടി , തീകുണ്ഢത്തില്‍ ചാടി ആത്മ ബലി നടത്തുന്ന ഫീനിക്‌സ് പക്ഷിയെ
പോലെ , സ്വയം തീര്‍ത്ത തീച്ചൂളയിലേക്കുള്ള എടുത്തുചാട്ടം. ചങ്ങമ്പുഴയെ കുറിച്ച് പഠിക്കാനോ കവിതകളെ കുറിച്ച് ഗവേഷണം നടത്താനോ ശ്രമിക്കുന്ന ഒരാള്‍ക്ക് ലഭിക്കുക പിടികിട്ടാപുള്ളിയായ ഒരു മഹാകവിയെയായിരിക്കും ; കാവ്യ സാഹിത്യംകൊണ്ട് മധുര സംഗീതം തീര്‍ത്ത ഒരു ഗന്ധര്‍വ കാമുകനെയായിരിക്കും. നിരൂപണ ലാബില്‍ വെച്ച് വിമര്‍ശന ബുദ്ധിയോടെ കവിതകളെ കീറിമുറിക്കുന്ന ഒരാള്‍ , വീട്ടിലേക്കു തിരിച്ചുപോകുന്നത് ചങ്ങമ്പുഴക്കവിതകളുടെ കാമുകനായിട്ടായിരിക്കും ; ഹൃദയത്തിലേക്ക് ഇറ്റിവീണ ഒരു ള്ളി കണ്ണുനീരിന്റെയെങ്കിലും നനവോടെയായിരിക്കും. ആ നനവാണ് , ആര്‍ദ്രതയാണ് , അലിവാണ് ചങ്ങമ്പുഴക്കവിതകളുടെ അമരത്വത്തിനു അമൃതത്വമേകുന്നത്.
അലിവുള്ളവര്‍ നിന്നെയഭിനന്ദിക്കും , കാലം
വിലവെച്ചിടും നിന്റെ വിശ്വമോഹന നൃത്തം
0
നിങ്ങളും പുത്രന്മാരും
പൌത്ര പൌത്രന്‍മാര്‍ പോലും
മണ്ണായി മണ്ണില്‍ ച്ചേര്‍ന്നു
മയങ്ങിക്കിടക്കുമ്പോള്‍
കേവലം ശിശുവാം ഞാന്‍
കൈനീട്ടി പ്പൊന്‍താരക
പൂവിറുത്തെടുത്തങ്ങി
ങ്ങെറിഞ്ഞു വിനോദിക്കും ;
അന്നു ഞാന്‍ , കെടാന്‍പോകു
മാദിത്യക്കനലൂതി പൊന്നന്തിതിരി
മോദാല്‍ കൊളുത്തും വീട്ടിനുള്ളില്‍.
എന്ന്അഹങ്കാരം നിറഞ്ഞ ആത്മ വിശ്വാസത്തോടെ പ്രവചിച്ചത് പോലെ തന്നെ സമകാലികരായ കവികളില്‍ ആരുമേ ഇതുപോലെ ആരാധിക്കപ്പെടുന്നില്ല !
അനുകരിക്കാന്‍ പാടില്ലാത്ത വ്യക്തി ജീവിതത്തിന്റെയും അവഗണിക്കാനാകാത്ത കവന സാഹിത്യത്തിന്റെയും ഉടമയായ ചങ്ങമ്പുഴ ആഗ്രഹിച്ചത് പോലെതന്നെ ആ കവിതകള്‍
ലോകത്തെ മോഹിപ്പിച്ചുകൊണ്ടും ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടും മനസ്സിനെ രമിപ്പിച്ചു കൊണ്ടും നടനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…
ഇടറാ , യ്കിടറായ്കെന്‍ കവിതേ , സവിലാസ
നടനം തുടരു നീ , വിശ്വമോഹിനിയായി