ലോകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്ബ് ഇനി മാഞ്ചസ്റ്റര്‍


ലണ്ടന്‍: ലേകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്ബ് എന്ന പദവി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 2015-16ല്‍ 735 മില്യന്‍ ഡോളറാണ് ( 5011.59 കോടി രൂപ) ക്ലബ്ബ് വരുമാനമുണ്ടാക്കിയത്. ഡെലോയിറ്റ് പുറത്തു വിട്ട പട്ടിക അനുസരിച്ച് 20 തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയിട്ടുള്ള മാഞ്ചസ്റ്റര്‍ റയലിനെയും ബാഴ്‌സയേയുംമാണ് സമ്പത്തിന്റെ കാര്യത്തില്‍ പിന്നിലാക്കിയത്. കഴിഞ്ഞ 11 വര്‍ഷമായി റയലായിരുന്നു സാമ്പത്തികമായി ഏറ്റവും മുന്നാക്കം നിന്നിരുന്ന ക്ലബ്ബ്. എന്നാല്‍ ഇത്തവണ ബാഴ്‌സലോണക്കു പിന്നില്‍ മൂന്നാമതായാണ് റയല്‍ വരുമാനകാര്യത്തില്‍ ഫിനിഷ് ചെയ്തത്. ബയേണ്‍ മ്യൂണിക് നാലാമതും മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാമതുമാണ് പട്ടികയില്‍. മികച്ച സാമ്പത്തിക വരുമാനമുള്ള ആദ്യ 20 ക്ലബ്ബുകളില്‍ എട്ടെണ്ണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ളവരാണ്. 2016ല്‍ ഏവരേയും അമ്പരപ്പിച്ചു കൊണ്ട് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയ ലീസസ്റ്റര്‍ സിറ്റി ഇതാദ്യമായി പട്ടികയില്‍ 20-ാം സ്ഥാനത്തെത്തി. 510 കോടി ഡോളറിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശമാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളെ സമ്പന്നമാക്കുന്നതില്‍ പ്രധാനം. ഇതിനു പുറമെ ക്ലബ്ബുകള്‍ക്ക് ലഭിക്കുന്ന വന്‍ തുകയുടെ സ്‌പോണ്‍സര്‍ഷിപ്പും. അടുത്ത വര്‍ഷം മുഴുവന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും ആദ്യ 30ല്‍ സ്ഥാനം നേടുമെന്നാണ് സര്‍വേ നടത്തിയ ഡെലോയിറ്റ് പറയുന്നത്.