മഹാത്മാ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റ്കാര്‍ ; ആര്‍എസ്എസ് സുഗന്ധം പരത്തുന്ന സംഘടനയെന്നാണ് എന്നു ഗാന്ധി പറഞ്ഞതായി വെളിപ്പെടുത്തല്‍

കോഴിക്കോട്  :  മഹാത്മാ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റ്കാര്‍ .ബിജെപി സംസ്ഥാനസെക്രട്ടറി ബി ഗോപാലകൃഷ്ണനാണ് ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ മഹാത്മാ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റുകാര്‍ ആണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഗാന്ധിവധം:ആര്‍എസ്എസ്സിനെതിരെ കമ്മ്യൂണിസ്റ്റ് ഗൂഢാലോചന എന്ന ലേഖനത്തിലാണ്  ഇദ്ദേഹം ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിയെഴുതുവാന്‍ തക്കതായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതൊന്നും പോരാതെ ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമായിരുന്നുവെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്. കമ്മ്യൂണിസ്റ്റ് കുപ്രചരണം ഏറ്റുപാടുകയാണ് രാഹുല്‍ ചെയ്യുന്നത്. അതുമല്ല ഗാന്ധിജിക്ക് ഇഷ്ട്ടപ്പെട്ട സംഘടനയായിരുന്നു ആര്‍ എസ് എസ് എന്നും ഇദ്ദേഹം പറയുന്നു. സംഘത്തിന്റെ വാര്‍ധ വാര്‍ഷിക ക്യാമ്പില്‍ പങ്കെടുത്ത് ഗാന്ധി പറഞ്ഞത് ആര്‍എസ്എസ് സാമാജിക സമരസതയുടെ സുഗന്ധം പരത്തുന്ന അത്ഭുതകരമായ സംഘടനയെന്നാണ് ഗാന്ധി പറഞ്ഞത് എന്നും അദ്ദേഹം വാദിക്കുന്നു. ആര്‍എസ്എസ്സിനെതിരെ അപവാദ പ്രചരണം നടത്തിയത് കമ്മ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയാന്ത്യത്തിന് വേഗം കൂട്ടാന്‍ കോണ്‍ഗ്രസ്സിനുള്ളില്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ച കമ്മ്യൂണിസ്‌ററുകാരുടെ കൈകളാണ് ഗാന്ധിവധത്തില്‍ ആദ്യം പരിശോധിക്കപ്പെടേണ്ടതെന്നും ബിജെപി നേതാവ് പറയുന്നു.