പെണ്‍കുട്ടികളെ പ്രേമബന്ധത്തില്‍ നിന്നും വിലക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സര്‍ക്കുലര്‍ ; സദാചാരം വിളമ്പി സര്‍ക്കാരും
പാലക്കാട് : സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രണയബന്ധങ്ങളില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സര്‍ക്കുലര്‍. പാലക്കാട് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്കൂളുകളുടെ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുമാണ് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്. പ്രേമത്തിന്റെ മറവില്‍ പെണ്‍കുട്ടികള്‍ ചതിക്കുഴിയില്‍ പെടരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രേമത്തിലും അതു വഴി ലൈംഗിക അതിക്രമങ്ങളിലും പെടാതിരിക്കാന്‍ ബോധവത്കരണ ക്ലാസുകളും ഇതിനെ സംബന്ധിക്കുന്ന ഹ്രസ്വ ചിത്രങ്ങളും എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണം എന്നാണ് സര്‍ക്കുലര്‍. ‘പെണ്‍കുട്ടികളോട് പ്രേമം നടിച്ച് വശീകരണം ബോധവത്കരണം നടത്തുന്നത് സംബന്ധിച്ച്’ എന്ന വിഷയ സൂചികയുമായാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിഷയത്തെകുറിച്ച് ഹൈസ്കൂള്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലര്‍മാര്‍ മുഖേന ബോധവത്കരണ ക്ലാസ് നടത്തണം, പി.ടി.എ മീറ്റിങ്ങുകളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തുക, ബാലിശമായ പ്രേമങ്ങളില് അകപ്പെടാതിരിക്കാന്‍ അവബോധം സൃഷ്ടിക്കാനായി ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. അതേസമയം സര്‍ക്കുലറിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്ത് വരുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ബാലിശമായ പ്രണയമെന്നൊക്കെ പറയുന്നത് എന്തിന്റെ മാനദണ്ഡത്തിലാണെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. പ്രണയം എന്നത് ഒരു പ്രായത്തില്‍ ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തോന്നുന്ന ഒരു വികാരമാണ് എന്ന് ഏവരും സമ്മതിക്കുന്ന ഒന്നാണ്.എന്നാല്‍ മാറിയ കാലഘട്ടത്തില്‍ ഇത് വേറെ പല നിലവാരത്തിലേയ്ക്കും മാറുന്നുണ്ട്. അതിനു എതിരെയാണ് സര്‍ക്കുലര്‍.എന്നാല്‍ പ്രണയിക്കുന്നത് മോശമായ ഒരു കാര്യമാണ് എന്ന സദാചാര ചിന്താഗതിയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.