ങ്യാ ഹ്ഹ്ഹഹ… മണി നാദം നിലച്ചിട്ട് ഒരാണ്ട്; ദുരൂഹതകള്‍ ഒഴിഞ്ഞില്ല


ചാലക്കുടി പുഴ ഒഴുകുകയാണ്… പാഡി ഹൗസില്‍ മണി നാദം നിലച്ചിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ദുരൂഹതകള്‍ക്കും വിരമമായിട്ടില്ല. അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു. ഒടുവില്‍ തങ്ങളുടെ ജീവന്റെ ജീവനായിരുന്ന മണിച്ചേട്ടന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി സി.ബി.ഐ അന്വേഷണം ആരംഭിക്കാനുള്ള ആവശ്യവുമായി സഹോദരനും കുടുംബവും നിരാഹര സമരം ആരംഭിച്ചിരിക്കുന്നു. ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് പ്രിയപ്പട്ടെവരുടെ മണിച്ചേട്ടനെ മരണം തട്ടിയെടുത്തത്. ബലമായി കൂട്ടിക്കൊണ്ടു പോയത്. പകരം വയ്ക്കാനില്ലാത്ത കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞപ്പോള്‍ മലയാള സിനിമയില്‍ ആ വിടവ് ഒഴിഞ്ഞു കിടക്കുന്നു.

ചാലക്കൂടി സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറായി മലയാളിയുടെ മനസിലേക്ക് ഓടിക്കയറിയ പൊന്‍മുത്ത്. മിമിക്രി കലാകാരനും നടനും നാടന്‍ പാട്ടുകളുടെ തോഴനും സാമൂഹ്യ പ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായി മലയാളിയെ കരയിച്ച് കടന്നു പോയ കലാഭവന്‍ മണി. മണി ആരായിരുന്നു എന്തായിരുന്നു…ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിന്റെ വിശുദ്ധി മുഴുവന്‍ ആവാഹിച്ചെടുത്തൊരു സാധാരണക്കാരന്‍.

കുന്നശ്ശേരി വീട്ടില്‍ രാമന്റേയും അമ്മിണി അമ്മയുടേയും ഏഴാമത്തെ മകന്‍. വെള്ളിത്തിരയില്‍ നര്‍മം കൊണ്ട് മലയാളിയെ കീഴടക്കി തമിഴും തെലുങ്കും ചിരിപ്പിച്ചു കീഴടക്കിയവന്‍. കിട്ടിയ കഥാപാത്രങ്ങളെ സമര്‍പ്പണത്തോടെ നെഞ്ചേറ്റിയ കലാകാരന്‍. പട്ടിണിയുടെ ദിനങ്ങളിലൂടെ വിശന്നു വലഞ്ഞവന്‍ എല്ലാം വെട്ടി പിടിച്ചപ്പോഴും കലാഭവന്‍ മണി ഒന്നും മറന്നില്ല.

വേദിയില്‍ മിമിക്രി പറഞ്ഞ് ജനക്കൂട്ടത്തെ ചിരിപ്പിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ പട്ടിണിയെ ഓര്‍ത്ത് ഉള്ളുകൊണ്ട് കരഞ്ഞവന്‍. കൂലിപ്പണിക്കാരന്‍ രാമന് പാടത്തും പറമ്പിലും പണിയെടുത്ത് കുടംബത്തെ പോറ്റാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് അച്ഛന് കൈത്താങ്ങാവാന്‍ മണിയും കൂലിപ്പണിക്കാരനാത്. ഓട്ടോ
ഡ്രൈവറായി. ഒപ്പം മിമിക്രിയേയും കൂടെ കൂട്ടി. 1987ലെ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാമനായി. അനുകരണകലയിലെ ഭാവി തിരിച്ചറിയപ്പെട്ടത് അവിടെ. പകല്‍ നിരത്തുകളിലൂടെ ഓട്ടോറിക്ഷ ഓടിക്കല്‍. പാതിരാത്രി വരെ നീളുന്ന വേദികളിലെ പ്രകടനം.

കലാഭവനിലൂടെ മിമിക്രി ലോകത്ത് ചിരിപടര്‍ത്തി പറന്നുയര്‍ന്നു. ടി.വി പരമ്പരയിലൂടെ അഭിനയരംഗത്തേക്കും. സമുദായം എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷവുമായി സിനിമയില്‍ അരങ്ങേറ്റം. അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി തന്നെ അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്‍ മണിയുടെ അഭിനയ മികവ് തെളിയിച്ചു. തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സിനിമകളിലെ നിത്യ സാനിധ്യമായി.

കൈനിറയെ ചിത്രങ്ങള്‍. അന്ധഗായകനായി മലയാളിയെ കരയിച്ചു. ഹാസ്യതാരമായി… ആക്ഷന്‍ ഹീറോയായി… വില്ലനായി…മണി അങ്ങനെ വെള്ളിത്തിരയില്‍ ചിറകടിച്ചു പറന്നു. മറുമലര്‍ച്ചി എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടങ്ങി. വിക്രം നായകനായ ജെമിനിയില്‍ വ്യത്യസ്ഥനായ വില്ലനായി തമിഴകവും കീഴടക്കി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം വരെ അഭിനയിച്ചു. തെലുങ്കിലും തിളങ്ങി.

ഇടക്കാലത്ത് മലയാളി സിനിമകളില്‍ ഒതുക്കപ്പെട്ടപ്പോഴും മണി മണിയായി തന്നെ തമിഴിലും തെലുങ്കിലും തിളങ്ങി. നിനച്ചിരിക്കാതെ ഒടുവില്‍ മണി മറഞ്ഞു. കരയിച്ചും ചിരിപ്പിച്ചും മലയാളിയെ സ്നേഹിച്ച മലയാളി സ്നേഹിച്ച കലാഭവന്‍ മണി വിടവാങ്ങി…. ആ മരണത്തിന്റെ ദുരൂഹത മുഖം മറച്ചു നില്‍ക്കുന്നു…കാലം തെളിയിക്കും എന്ന് വിശ്വാസത്തില്‍ ആരാധകരും…