സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പി സി ജോര്‍ജ്ജ്;പിഴ പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണമെന്നും പി സി
സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ വന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ തള്ളി ജനപക്ഷ നേതാവ് പി. സി.ജോര്‍ജ്.സര്‍ക്കാരിനോട് ഇതുവരെ മൃദുസമീപനം സ്വീകരിച്ചിരുന്ന പിസി പക്ഷെ സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ദുബായിലുള്ള പി.സി. ജോര്‍ജ്ജ് സെന്‍കുമാര്‍ വിഷയത്തില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.ടിപി സെന്‍കുമാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി പിണറായി സര്‍ക്കാരിനിട്ടുള്ള ദണ്ഡനയാണെന്നും 25000രൂപ പിഴ പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണമെന്നും പിസി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ടി. പി.സെന്‍കുമാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി പിണറായി സര്‍ക്കാരിനിട്ടുള്ള ദണ്ഡനയാണ്.ഇതുവരെ തീര്‍ച്ചപ്പെടുത്താന്‍ പോലും സാധിക്കാത്ത ആറോ എട്ടോ വിവരം കെട്ട ഉപദേശക വൃന്ദങ്ങളുമൊത്ത് ഇനിയും മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം പോലും തുടരാന്‍ മാനാഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന് സാധിക്കുകയില്ല.കോടതി വിധിച്ച ഇരുപത്തി അയ്യായിരം രൂപ പിഴ പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണം.ഇത് കേരള സര്‍ക്കാരിനെതിരെയുള്ള സുപ്രീംകോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ല.







