‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ ഇനി നിങ്ങള്‍ക്കീ കടലില്‍ ഇറങ്ങാം, നനയാം, കുളിക്കാം, മണ്ണുവാരി കളിക്കാം, മണല്‍പ്പരപ്പില്‍ കളിച്ചുല്ലസിക്കാം…
കോഴിക്കോട്: ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന നടപടികളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട് നഗരം സാക്ഷ്യം വഹിച്ചത്. കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയ്‌നിങ്ങ് സെന്റര്‍ തലവനും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യൂ.എം.എഫ്) കേരളാ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് കൂടിയായ അഡ്വ. ശ്രീജിത്ത് കുമാര്‍ ഏറ്റെടുത്ത ഉദ്യമമാണ് ഫലം കണ്ടത്.
അഡ്വ. ശ്രീജിത്ത് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വഴി ലോകത്തിനു മുന്നില്‍ പങ്കുവെച്ചിരുന്നു. ബീച്ചിനെ നശിപ്പിച്ച വെയ്സ്റ്റ് മാഫിയക്കെതിരെ ശക്തമായ പോരാട്ടം നയിക്കുന്നതിന്റെ ഭാഗമായായിരുന്നു ശ്രീജിത്തിന്റെ നടപടി. വാര്‍ത്ത ശ്രദ്ധയിപ്പെടുകയും ജില്ലാ ഭരണാധികാരികള്‍ സംഭവത്തില്‍ ഇടപെടുകയുമായിരുന്നു.
കോഴിക്കോട് കടപ്പുറത്ത് ഒഴുകി നടക്കുന്ന മാലിന്യം മാറ്റി കടപ്പുറം വെടിപ്പാക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് മുന്നിട്ടിറങ്ങിയിരുന്നു. ഒപ്പം ചാക്കും സഞ്ചിയും കൈയുറകളുമായി എന്‍.സി.സി കാഡറ്റ്സും, എന്‍.എസ്.എസ്സ് വിദ്യാര്‍ത്ഥികളും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരും, ക്ലീന്‍ ബീച്ച് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും കൂടി ചേര്‍ന്നപ്പോള്‍ വെയസ്റ്റ് മാഫിയ കോഴിക്കോടു ബീച്ചിനു നല്‍കിയ മാലിന്യങ്ങളില്‍ കരയ്ക്കടിഞ്ഞവ പതിയെ അപ്രത്യക്ഷമാകാന്‍ തുടങ്ങി.
ഇപ്പോള്‍ കോഴിക്കോട് കടല്‍പ്പുറം വളരെ മനോഹരമായി. അതേസമയം എത്ര നാള്‍ കടപ്പുറം ഇങ്ങനെ സൂക്ഷിക്കാന്‍ സാധിക്കും എന്നതില്‍ ആശങ്കയുണ്ട്. എന്നാലും ജനങ്ങളുടെ ശ്രമങ്ങള്‍ ഫലം കണ്ടതില്‍ ഏറെ സന്തോഷിക്കുന്നുവെന്നു അഡ്വ. ശ്രീജിത്ത് പറഞ്ഞു. ജില്ലാ കളക്ടര്‍ ജോസ് സാറിന്റെയും സഹപ്രവര്‍ത്തകരുടെയും, അതേസമയം മാധ്യമങ്ങളുടെ ഇടപെടലും ഏറെ ശ്രദ്ധേയമായി.
ബീച്ച് ക്ലീനിങ് ആരംഭിക്കുന്നതിനു മുമ്പ് അഡ്വ.ശ്രീജിത്ത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് നല്‍കിയിരുന്നു. അതിപ്രകാരമായിരുന്നു..
‘കാഴ്ചക്കാരായി നിന്ന് ചിരിക്കുന്നവര്‍ക്കിടയില്‍ നിങ്ങളുണ്ടന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ തള്ളുന്ന മാലിന്യം കോരാനെത്തുന്ന മണ്ടന്‍മാര്‍ എന്ന് നിങ്ങള്‍ ഞങ്ങളെ പരിഹസിച്ചതും കേട്ടിട്ടുണ്ട്. നിങ്ങളെ എതിര്‍ത്തതിന് മുഖാമുഖം മുട്ടിയിട്ടുമുണ്ട്. ഇരുട്ടിന്റെ മറവില്‍ നിങ്ങളുടെ ഉപദ്രവങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്. അതിലൊന്നും പ്രയാസമില്ല, പകരം വലിയ ആത്മസംതൃപ്തിയുമുണ്ട്. ചില സാഹചര്യങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അനുകൂലമായേക്കാം. പക്ഷെ ആത്യന്തികമായി വിജയം ഞങ്ങള്‍ക്ക് തന്നെയായിരിക്കും.ഈ നാടും മനസ്സും ഞങ്ങള്‍ക്കൊപ്പമുണ്ട്.കാരണം ഞങ്ങളുടെ ലക്ഷ്യം അത്രക്ക് വലുതാണ്’.









