ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് സെന്‍കുമാര്‍ ; ആക്രമിച്ച കാര്യത്തില്‍ തെളിവില്ല
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയില്‍ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ മാത്രമാണ് അച്ചടിച്ചു വന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. അന്വേഷണം തുടങ്ങിയ സമയം ആരെയും പ്രതിയാക്കാന്‍ തെളിവുണ്ടായിരുന്നില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സെന്‍കുമാര്‍ പറഞ്ഞു. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്ത ദിവസം പൊലീസിന്റെ കയ്യില്‍ ആവശ്യമായ തെളിവുകളുണ്ടായിരുന്നില്ല. തെളിവ് ശേഖരിച്ചിട്ട് വേണമായിരുന്നു ചോദ്യം ചെയ്യാന്‍. തെളിവും സംശയവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെതിരെ തെളിവില്ലെന്നും എഡിജിപി ബി.സന്ധ്യ പബ്ലിസിറ്റിക്കായാണ് ദിലീപിനെയടക്കം 13 മണിക്കൂര്‍ ചോദ്യം ചെയ്തതെന്നുമുള്ള സെന്‍കുമാറിന്റെ അഭിമുഖം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് സെന്‍കുമാറിന്റെ വിശദീകരണം. ദിനേന്ദ്ര കശ്യപാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ തലവന്‍. കശ്യപ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ് എന്നും അന്വേഷണത്തില്‍ ഏകോപനം ഇല്ലായിരുന്നുവെന്നത് വാസ്തവമാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.









