കല്ല്യാണി പ്രിയദര്‍ശന്‍; അഭിനയ രംഗത്തേയ്ക്ക് ഒരു താരപുത്രി കൂടി

ചെന്നൈ : ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി അഭിനയ രംഗത്തേയ്ക്ക്. അമ്മ ലിസിയുടെ ചുവടുപിടിചാണ് കല്ല്യാണിയും അഭിനയ രംഗത്തേയ്ക്ക് കടക്കുന്നത്. എന്നാല്‍ മലയാളത്തിലല്ല മറിച്ച് സൂപ്പര്‍താരം നാഗാര്‍ജുന്റെ ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ നായികയായി തെലുങ്കിലാണ് കല്ല്യാണിയുടെ വരവ്. വിക്രം കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം കഴിഞ്ഞ വര്‍ഷം നാട്ടില്‍ തിരിച്ചെത്തിയ കല്ല്യാണി വിക്രമും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്നു.

അച്ഛന്റെ പാതയിലാണ് മകളുടെ സഞ്ചാരമെന്ന് പലരും കരുതിയിരിക്കെയാണ് അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയുടെ വഴിയിലേയ്ക്കുള്ള പെട്ടന്നുള്ള ചുവടുമാറ്റം. നേരത്തെയും അഭിനയിക്കാനുള്ള നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും അതില്‍ നിന്നൊക്കെ വഴിമാറി നടക്കുകയായിരുന്നു കല്ല്യാണി. അതേസമയം 2014 ഡിസംബറില്‍ ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് പ്രിയനും ലിസ്സിയും വേര്‍പിരിഞ്ഞു. പ്രിയന്റെ ഉറ്റമിത്രവും ഭാഗ്യനായകനുമായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വെള്ളിത്തിരയില്‍ നായകനായി അരങ്ങേറുമ്പോള്‍ തന്നെയാണ് പ്രിയന്റെ മകളും നായികയായി വെള്ളിത്തിരയിലെത്തുന്നത് എന്നൊരു യാദൃശ്ചികതകൂടിയുണ്ട്.