ബി നിലവറ തുറക്കുന്നതില്‍ എതിര്‍പ്പുമായി രാജകുടുംബം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള ബി നിലവറ തുറക്കുന്നതില്‍ എതിര്‍പ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം . ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന കാരണങ്ങള്‍ പറഞ്ഞാണ് രാജകുടുംബം എതിര്‍ക്കുന്നത്. കൂടാതെ തന്ത്രി സമൂഹവും എതിരാണെന്ന് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി വ്യക്തമാക്കി. രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയ്‌ക്കൊന്നും ബി നിലവറ തുറന്ന് അറിയില്ല. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായി തന്നെ രാജകുടുംബം ബി നിലവറതുറക്കരുതെന്ന ആവശ്യം ഉന്നയിക്കും.

ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം വാദിക്കുന്നു. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു. ഇതോടെ രാജകുടുംബത്തിന്റെ സമ്മതത്തോടെ ബി നിലവറ തുറക്കാനാകില്ല എന്ന് വ്യക്തമായി. ബി. നിലവറ തുറക്കണമെന്നും ബി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.