തിരുമല തിരുപ്പതി ദേവസ്ഥാനം സ്വത്ത് വിവരങ്ങള്‍ പുറത്തു വിട്ടു ; ആസ്തി 85700 കോടി ; സ്വര്‍ണം14 ടണ്‍ ; 7123 ഏക്കര്‍ ഭൂമി

ലോക പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു. രാജ്യത്തുടനീളമുള്ള 7,123 ഏക്കറിലുള്ള 960 പ്രോപ്പര്‍ട്ടികളില്‍ നിന്നായി 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ടിടിഡി ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റുകളിലൊന്നു കൂടിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപവും 14 ടണ്‍ സ്വര്‍ണശേഖരവും ടിടിഡിയ്ക്ക് സ്വന്തമായുണ്ട്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (RIL) ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ ടിടിഡിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് തിരുമലയിലെ രംഗനായകുല മണ്ഡപത്തില്‍ വെച്ച് ടിടിഡി ഇഒ എ വി ധര്‍മ റെഡ്ഡിക്കാണ് അദ്ദേഹം കൈമാറിയത്.

ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. 1974 നും 2014 നും ഇടയില്‍ വിവിധ സര്‍ക്കാരുകളുടെ കീഴില്‍ വിവിധ ടിടിഡി ട്രസ്റ്റുകള്‍ ട്രസ്റ്റിനു കീഴിലുള്ള 113 സ്വത്തുവകകള്‍ പല കാരണങ്ങളാല്‍ ഒഴിപ്പിച്ചിട്ടുണ്ടെന്നും വി സുബ്ബ റെഡ്ഡി പറഞ്ഞു. എന്നാല്‍ 2014 ന് ശേഷം ഇന്നുവരെ തങ്ങളുടെ കീഴിലുള്ള സ്വത്തുക്കളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നും റെഡ്ഡി വ്യക്തമാക്കി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (1.02 കോടി രൂപ സംഭാവന നല്‍കിയ മുസ്ലീം ദമ്പതികളെക്കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ചെന്നൈയില്‍ നിന്നുള്ള അബ്ദുള്‍ ഗനിയും സുബീന ഭാനുവുമാണ് ടിടിഡിക്ക് സംഭാവന കൈമാറിയത്. ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിയാണ് ദമ്പതികളില്‍ നിന്ന് ഡിഡി ഏറ്റുവാങ്ങിയത്. പുതുതായി പണികഴിപ്പിച്ച ശ്രീ പത്മാവതി റെസ്റ്റ് ഹൗസിന് പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 87 ലക്ഷം രൂപയും എസ് വി അന്നദാനം പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും നല്‍കിയ തുകയില്‍ നിന്ന് ചെലവഴിക്കണമെന്ന് ഇവര്‍ ഇഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.