ജയിലില്‍ തന്നെ ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി, സുരക്ഷ പ്രശ്‌നം ഇന്നും ഹാജരാക്കിയത് വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ആഗസ്റ്റ് 22 വരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്.

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നും ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദിലീപിനെ നേരിട്ട് ഹാജരാക്കുന്നതിലുളള ബുദ്ധിമുട്ട് പോലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്തിരുന്നത്.

അതേ സമയം ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് കേസിന്റെ കുറച്ച് രേഖകള്‍ കൂടി ലഭ്യമാകാനുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യ ഹര്‍ജി പരിഗണിക്കും.