രാവിലെ മുതല്‍ കാത്തുനിന്നിട്ടും വിനായകന്‍റെ കുടുംബത്തിന്റെ സങ്കടം കേള്‍ക്കാന്‍ മുഖ്യമന്ത്രിക്ക് സമയം ഇല്ല

പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ മനം നൊന്ത് വിനായകന്‍ എന്ന ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയ വിനായകന്റെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാനായില്ല. പരാതിയുമായി രാവിലെ പത്ത് മണി മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ കാത്ത് നിന്നിട്ടും കാണുവാന്‍ വേണ്ടി മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്നാണ് വിനായകന്റെ കുടുംബത്തിന്റെ പരാതി. മുഖ്യമന്ത്രിയെ നേരില്‍ കാണുവാന്‍ വേണ്ടി നിയമസഭയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും കുടുംബം എത്തിയിരുന്നു.

തുടര്‍ന്ന് വൈകീട്ട് അഞ്ചര വരെ സെക്രട്ടേറിയറ്റിലെ ഓഫീസിന് മുന്നില്‍ കാത്ത് നിന്നെങ്കിലും മുഖ്യമന്ത്രി തങ്ങളെ കാണാന്‍ കൂട്ടാക്കിയില്ലെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ പറയുന്നു. അതേസമയം നേരത്തെ തന്നെ വിനായകന്റെ കുടുംബത്തിന്റെ ആവലാതി മുഴുവന്‍ കേട്ടിരുന്നു എന്നും നിയമസഭയിലെ തിരക്കുകളായിരുന്നതിനാലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് കാണാന്‍ കഴിയാതിരുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. മുടി നീട്ടി വളര്‍ത്തി എന്ന പേരിലാണ് റോഡ് സൈഡില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്നിരുന്ന വിനായകനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ക്രൂരമായി മര്‍ദിചത്.