ഗൗരി ലങ്കേഷ് വധം: കൊലപാതകത്തിന് പിന്നിലെ ചുരുളഴിക്കാന്‍ സ്‌കോട് ലന്‍ഡ് യാര്‍ഡ് സംഘമെത്തി

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ കര്‍ണാടക പൊലീസിനെ സഹായിക്കാന്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് സംഘം ഇന്ത്യയിലെത്തി. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ബംഗളൂരുവില്‍ എത്തിചേര്‍ന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ, കണ്ടെത്താന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയിലും അന്വേഷണത്തിലും വിദഗ്ധരായ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥരുടെ സഹകരണം സഹായകമാകുമെന്നാണ് കര്‍ണാടക പോലീസിന്റെ വിലയിരുത്തല്‍.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളും രേഖകളും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് വിദഗ്ധ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച 7.65 എം.എം വെടിയുണ്ട ഉപയോഗിക്കുന്ന നാടന്‍ പിസ്റ്റളുകളുടെ ഉറവിടത്തെ കുറിച്ചാണ് അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നത്.

നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പാന്‍സാരെ, പ്രഫ. എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ വധിക്കാന്‍ ഉപയോഗിച്ചത് സമാന പിസ്റ്റളും വെടിയുണ്ടയുമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കല്‍ബുര്‍ഗി വധക്കേസ് അന്വേഷണം ഊര്‍ജിതമാക്കാനും സ്‌കോട്ട്‌ലന്റ് യാര്‍ഡ് വിദഗ്ധരുടെ സഹായം കര്‍ണാടക പൊലീസ് തേടുന്നുണ്ട്.