അമിത് ഷായുടെ മകന്‍റെ കമ്പനിക്ക് വായ്പ ലഭിച്ചതിലും 4000 ശതമാനത്തിന്റെ വര്‍ധന ; ന്യായീകരണവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്ത്

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിച്ചതിലും 4000 ശതമാനത്തിന്റെ വര്‍ധന. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം 2013-14 വര്‍ഷത്തില്‍ 1.3 കോടി രൂപ മാത്രമാണ് ജയ് ഷായുടെ സ്ഥാപനങ്ങള്‍ക്ക്‌ വായ്പയായി ലഭിച്ചതെങ്കില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15 വര്‍ഷത്തില്‍ വായ്പയായി ലഭിച്ച തുക 53.4 കോടിയായി ഉയര്‍ന്നു. അതായത് നാലായിരം ശതമാനത്തിന്റെ വര്‍ധന. യുവസംരഭകര്‍ക്കും പുത്തന്‍ സംരംഭങ്ങള്‍ക്കുമായി മോദി സര്‍ക്കാര്‍ വായ്പകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഈ പദ്ധതിയുടെ ഭാഗമായിട്ടല്ല ജയ് ഷായ്ക്ക് വായ്പ ലഭിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2004-ല്‍ നിലവില്‍ വന്ന കമ്പനിയാണ് ജയ്‌ ഷായുടെ ടെമ്പിള്‍ എന്റര്‍പ്രൈസസ് . പത്ത് വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം 2014-ല്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭം വെറും 18.8 ലക്ഷം രൂപയായിരുന്നു.

എന്നാല്‍ മോദി അധികാരത്തില്‍ വന്നതിനുശേഷം ആരെയും അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് കമ്പനി നേടിയത്. നല്ല ലാഭത്തില്‍ നിന്നിരുന്ന കമ്പനി കഴിഞ്ഞ വര്‍ഷം യാതൊരു മുന്നറിയിപ്പും കൂടാതെ അടച്ചുപൂട്ടുകയായിരുന്നു. അതേസമയം  ജയ് ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്ത് വന്നു ‍. ആഭ്യന്തര സഹമന്ത്രി രാജ്‌നാഥ് സിങ്, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് ബി.ജെ.പി അധ്യക്ഷന്റെ മകന് പിന്തുണയുമായി ഇന്നലെ രംഗത്തെത്തിയത്. വര്‍ത്ത പുറത്തുവിട്ട ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ജയ് 100 കോടിയുടെ മാനനഷ്ടകേസ് നല്‍കിയതിനു പിന്നാലെയായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ജയ് ഷായുടെ സമ്പാദ്യം ഒരു വര്‍ഷം കൊണ്ട് 16,000 മടങ്ങ് വര്‍ധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതേക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.