വേങ്ങര: ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിങ്; 14.5% എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടുമണിക്കൂറില്‍ 14.58% പോളിങ്. മണ്ഡലത്തിലെങ്ങും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്‌യത്. മമ്പുറം ജി.എല്‍.പി.എസ്. ബൂത്തില്‍ മാത്രം വോട്ടിങ് ശതമാനം 22 കടന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.പി. ബഷീര്‍ രാവിലെ തന്നെ കുടുംബവുമായെത്തി വോട്ട് രേഖപ്പെടുത്തി. ഊരകം 12.4%, വേങ്ങര 11.5%, കണ്ണമംഗലം 10.6%, പറപ്പൂര്‍ 12.6%, ഒതുക്കുങ്ങല്‍ 11.4%, എ.ആര്‍. നഗര്‍ 9.8% പോളിങ് ശതമാനം ഇങ്ങനെയാണ്.
വോട്ടിങ് രാവിലെ ഏഴിനു തുടങ്ങി. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ചു വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആര്‍ക്കാണു വോട്ട് ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം ആദ്യമായി ഒരുക്കിയ വോട്ടെടുപ്പ് കൂടിയാണ് ഇത്.
രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണല്‍ ഞായറാഴ്ചയാണ്.