സിപിഎം സംസ്ഥാന സമിതി ഇന്ന് മുതല്‍; തോമസ് ചാണ്ടിയുടെ രാജി പ്രധാന ചര്‍ച്ച വിഷയം

തിരുവനന്തപുരം:രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയുടെ രാജിയാകും പ്രധാന ചര്‍ച്ച വിഷയം. ജനജാഗ്രതായാത്ര, സോളാര്‍ റിപ്പോര്‍ട്ട്, പാര്‍ട്ടി സമ്മേളനങ്ങള്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിവയെല്ലാം സംസ്ഥാന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടും. ജന ജാഗ്രതാ യാത്രക്കിടെ ഉണ്ടായ വിവാദത്തില്‍ വിമര്‍ശനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ കര്‍ക്കശ നിലപാടെടുക്കുകയും സംരക്ഷിക്കാനില്ലെന്ന നിലയിലേക്കു സി.പി.എം എത്തുകയും ചെയ്തതോടെ തോമസ് ചാണ്ടിയുടെ മുന്നില്‍ രാജിയല്ലാതെ മറ്റു വഴികളെല്ലാം അടഞ്ഞ മട്ടാണ്. നാളെ ഇടതുമുന്നണി നേതൃയോഗം കൂടി വിളിച്ചതോടെ രാജിക്കാര്യത്തില്‍ തീരുമാനം നീളില്ലെന്നു വ്യക്തമായി. ഭൂമികയ്യേറ്റ പ്രശ്‌നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശവും മന്ത്രിക്ക് അത്ര അനുകൂലമല്ലെന്നാണു സൂചന.

സ്വയം ഒഴിയാനുള്ള ശക്തമായ സമ്മര്‍ദമാണ് തോമസ് ചാണ്ടിയുടെ മേലുള്ളത്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ മന്ത്രി നല്‍കിയ ഹര്‍ജി ചൊവ്വാഴ്ചയാണു പരിഗണിക്കുന്നത്. അതുവരെ തീരുമാനം നീട്ടിവയ്ക്കണമെന്ന നിലപാടായിരിക്കും നാളത്തെ യോഗത്തില്‍ എന്‍.സി.പി സ്വീകരിക്കുക. ഇതേസമയം, കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി തന്നെ കോടതിയില്‍ ചോദ്യംചെയ്തതു സര്‍ക്കാര്‍ നിലപാടിനെ മന്ത്രി വെല്ലുവിളിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാം. ഈ സാഹചര്യത്തില്‍ കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ വൃത്തങ്ങളിലുണ്ട്.

കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചതു ശരിയായില്ലെന്നും സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണു ചെയ്തതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പ്രശ്‌നം എല്‍.ഡി.എഫ് ചര്‍ച്ചചെയ്തു തീരുമാനിക്കട്ടെയെന്നും രാജി ചോദിച്ചുവാങ്ങിയെന്ന സ്ഥിതി ഉണ്ടാകാതിരിക്കുകയാണു നല്ലതെന്നുമാണു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ അഭിപ്രായം. സാഹചര്യം മനസ്സിലാക്കി എന്‍.സി.പി തീരുമാനമെടുക്കണം.തെറ്റുകാരെ രക്ഷിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലും നിലപാടുമാറ്റം വ്യക്തമാണ്.