തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് അഡ്വ. ജനറല്‍; കല്കട്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി തള്ളാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് സര്‍ക്കാരിന് നിയമോപദേശം നല്‍കി. കയ്യേറ്റം സംബന്ധിച്ച കണ്ടെത്തലുകള്‍ തള്ളിക്കളയാനാകില്ല. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണോ വേണ്ടയോയെന്നതു തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും എ.ജി പറഞ്ഞു.
നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ തുണയ്‌ക്കേണ്ടെന്നാണു നിലപാടെന്ന് സി.പി.എം നേരത്തെ പറഞ്ഞിരുന്നു. സി.പി.ഐയും തോമസ് ചാണ്ടിക്കെതിരായ നിലപാടിലാണ്. രാജിയെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണവര്‍. ഇതോടെ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്ന് ആരംഭിച്ച സി.പി.എം സംസ്ഥാന സമിതിയിലുണ്ടായേക്കും. എന്നാല്‍ രാജി ഇപ്പോള്‍ വേണ്ടെന്നാണ് എന്‍സിപി വ്യക്തമാക്കിയത്. കോടതി വിധിക്കുശേഷം മാത്രം തീരുമാനമെടുത്താല്‍ മതിയെന്നും അവര്‍ പറയുന്നു.
ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിക്കു തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തിയിരുന്നു.








