സിനിമാ നടിമാര്‍ക്ക് മുന്‍പില്‍ വെച്ച് സ്വയംഭോഗം ചെയ്തതായി ഹോളിവുഡ് നടന്‍റെ കുറ്റസമ്മതം ; ലൈംഗിക വിവാദത്തില്‍ വീണ്ടും ഹോളിവുഡ്

ലൈംഗിക വിവാദത്തില്‍ മുങ്ങി വീണ്ടും ഹോളിവുഡ്. തങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്ന് വെളിപ്പെടുത്തി നടികളും നടന്മാരുമെല്ലാം ഒന്നിന് പിറകെ ഒന്നായി പരാതികളും ആരോപണങ്ങളുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ പ്രശസ്ത കോമഡി താരം ലൂയിസ് സികെയാണ് ആരോപണങ്ങള്‍ നേരിടുന്ന ഏറ്റവും പുതിയ ആള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്ന അഞ്ച് നടികളുടെ ആരോപണം ലൂയിസ് കഴിഞ്ഞ ദിവസം സമ്മതിച്ചതോടെയാണ്‌ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിലൂടെയാണ് ലൂയിസ് കുറ്റസമ്മതം നടത്തിയത്. “അന്നത്തെ എന്റെ നടപടിയില്‍ ഞാന്‍ ഖേദിക്കുന്നു. അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും ഓടി രക്ഷപ്പെടാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രവര്‍ത്തികളുടെ ആഘാതം എത്രത്തോളമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നെ ബഹുമാനിച്ചിരുന്ന ആ സ്ത്രീകള്‍ക്ക് എന്റെ പ്രവര്‍ത്തി വരുത്തിയ മനോവിഷമം ഞാന്‍ തിരിച്ചറിയുന്നു. അവര്‍ക്ക് മേല്‍ എനിക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. അതാണ് ഞാന്‍ ദുരുപയോഗം ചെയ്തത്”-വാര്‍ത്താക്കുറിപ്പില്‍ ലൂയിസ് പറഞ്ഞു.

2002ലാണ് സ്ത്രീകള്‍ ആരോപിച്ച സംഭവം നടന്നത്. അബ്ബി, റെബേക്ക, ഡാന, ജൂലിന എന്നിവരാണ് ആരോപണവുമായി രംഗത്തുവന്നത്. കോളറാഡോയില്‍ നടന്ന കോമഡി ഫെസ്റ്റിവലിനുശേഷം ലൂയിസ് തങ്ങളെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവരുത്തുകയും മുറിയിലെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്നുമാണ് ഇവര്‍ ആരോപിച്ചത്. അതേസമയം ലൂയിസിന്റെ പുതിയ ചിത്രം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ദി ഓര്‍ച്ചഡ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഷോയ്ക്ക് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ റദ്ദാക്കുകയും ചെയ്തു. ലൂയിസുമായുള്ള സകല ബന്ധവും ഉപേക്ഷിക്കുകയാണെന്ന് ടെലിവിഷന്‍ ചാനലുകളും നെറ്റ്ഫ്ലിക്സും അറിയിച്ചിട്ടുണ്ട്.