രാഹുലിന്റെ ഗുജറാത്ത് പര്യടം ഇന്നു മുതല്‍; ബിജെപി ശക്തി കേന്ദ്രങ്ങളെ കൈയ്യിലെടുക്കുക ലക്ഷ്യം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒബിസി വിഭാഗങ്ങള്‍ ധാരാളമുള്ള ബി.ജെ.പി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപം നല്‍കും.

രാഹുല്‍ ഗുജറാത്തിലെമ്പാടും നടത്തുന്ന നവസര്‍ജന്‍ യാത്രയുടെ നാലാം ഘട്ടമാണ് ഇന്ന് തുടങ്ങുന്നത്. ഗാന്ധിനഗര്‍, സാബര്‍കാന്ത, ബാനസ്‌കന്ത എന്നീ ജില്ലകളിലൂടെയാണ് ആദ്യദിനത്തിലെ പര്യടനം. പാട്ടിദാര്‍ സമുദായവുമായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചകളും ഈ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. ബാനസ്‌കന്തയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂര്‍ റാലികളില്‍ അണികളെ നിറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചരക്കുസേവന നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയതെന്ന കോണ്‍ഗ്രസ് ആരോപണം ബിജെപി തള്ളി.അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കുകയാണ്. ഒരോ സീറ്റിലും ഒന്നിലധികം പേരെ ഉള്‍പെടുത്തിയുള്ള ചുരക്കപ്പട്ടിക ഇന്ന് പൂര്‍ത്തിയാക്കും.നാളെയും മറ്റന്നാളും ദില്ലിയില്‍ ചേരുന്ന കേന്ദ തെരഞ്ഞെടുപ്പ് സമിതി അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. ഈമാസം ഇരുപതിന് ശേഷമായിരിക്കും സംസ്ഥാനത്ത് മോദിയുടെ റാലികള്‍ തുടങ്ങുക.