അശ്ലീല സൈറ്റ് തുറക്കുമ്പോള്‍ ഇനി ഭക്തിഗാനം കേള്‍ക്കും: യുവാക്കളെ നേരെയാക്കാന്‍ ആപ്പുമായി ബനാറസ് സര്‍വകലാശാല
ബെംഗളൂരു:ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വ്യാപകമായതോടെ അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന യുവാക്കളുടെ എണ്ണവും കൂടിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ലഭ്യതയുണ്ടെങ്കില്‍ യുവാക്കളില്‍ ക്കൂടുതല്പ്പേരും ആദ്യം അന്വേഷിക്കുന്നത് ഏതെങ്കിലും പോണ് സൈറ്റ് ആയിരിക്കും. ഇതുമൂലം യുവാക്കള്‍ വഴിതെറ്റുകയും പല അപകടങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.
യുവാക്കള്‍ ഇത്തരത്തില്‍ വഴിതെറ്റിപ്പോകുന്നത് തടയാന്‍ പോംവഴി കണ്ടെത്തിയിരിക്കുകയാണ് ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്.യു).യിലെ ഒരു പ്രഫസറും വിദ്യാര്‍ത്ഥികളും. ‘ഹര് ഹര് മാധവ്’ എന്ന പേരില്‍ ബനാറസ് സര്‍വകലാശാല പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുംസംഘവും വികസിപ്പിച്ചെടുത്ത ആപ്പ്
അശ്ലീല സൈറ്റുകളെ തടയുന്നതിനോടൊപ്പം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നവരെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കുകകൂടി ചെയ്യുന്നു.
പുതുതലമുറക്ക് അശ്ലീല സൈറ്റുകളിലുള്ള ആസക്തി തന്നെ അസ്വസ്ഥമാക്കിയെന്നും തുടര്‍ന്ന് ആറു മാസം മുമ്പ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് ആപ്പ് ഉണ്ടാക്കിയതെന്നും ഈ അധ്യാപകന് പറയുന്നു. ബെംഗളൂരു ആസ്ഥനമായുള്ള ഒരു സ്ഥാപനവും ആപ്പ് വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളികളായി.
നിലവില്‍ ഹര് ഹര് മാധവില്‍ ഭക്തിഗാനങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഭാവിയില്‍ ഗായത്രി മന്ത്ര, മഹത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, രവീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ പ്രചോദകരമായ പ്രസംഗങ്ങളും കൂട്ടിച്ചേര്‍ക്കും. ആപ്പ് ഒരു മതസ്ഥര്‍ക്ക് മാത്രമാകില്ല ഉപയോഗിക്കാനാവുക, തീര്‍ത്തും മതേതരവുമായിരിക്കും. അങ്ങിനെ എല്ലാ മതസ്ഥരുടേയും ഭക്തിഗാനങ്ങളും ഇതില്‍ ഉടന്‍ ചേര്‍ക്കുമെന്നും വിജയ്നാഥ് മിശ്ര പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മനസ്സ് ലക്ഷ്യമാക്കിയാണ് ആപ്പ് തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.എച്ച്.യുയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂറോളജി പ്രഫസറാണ് ഡോ.വിജയ്നാഥ് മിശ്ര. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനോടകം 5000 പേര് ഡൗണ്‍ലോഡ് ചെയ്തു. 3800 സൈറ്റുകള്‍ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും വിജയ്നാഥ് മിശ്ര പറയുന്നു.