തലശ്ശേരിയില്‍ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം

തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്.പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെയും മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാംഗ്ലൂരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ലാമ എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടമുണ്ടാകുമ്പോള്‍,താനടക്കം ആറു പേരാണ് ബസ്സിലുണ്ടായിരുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.ഇയാള്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയാണ്

കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. എത്താനായി ബേപ്പൂര്‍ ഖലാസികളുടെ സഹായം തേടിയിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ആദ്യമണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രോഷാകുലരായി.അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടനിലയിലാണിപ്പോള്‍.