വിവിധ രാജ്യങ്ങളിലായി 1.66 കോടി ഇന്ത്യക്കാര്‍ പ്രവാസികളായി കഴിയുന്നു; ലോകത്ത് ഒന്നാമത്

ന്യൂഡല്‍ഹി:വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായിട്ടുള്ളത്.തൊഴില്പരമായും അല്ലാതെയും,കുടിയേറി പാർത്തവരാണ് ഇവർ. ഇതില്‍ പകുതിയിലധികം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്. ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട പ്രകാരമുള്ളതാണ് പുതിയ കണക്കുകള്‍. 2017-ലെ അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.

2000-ത്തെ അപേക്ഷിച്ച് 2017 ആയപ്പോഴേക്കും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. 2000-ല്‍ 79.8 ലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. മെക്‌സിക്കോയാണ് കുടിയേറ്റ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1.30 കോടി പേരാണ് ലോകത്ത് മെക്‌സിക്കന്‍ കുടിയേറ്റക്കാരായിട്ടുള്ളത്. തൊഴില്‍തേടി കുടിയേറിയവരും അഭയാര്‍ത്ഥികളുമടക്കം ഉള്‍പ്പെട്ടതാണ് ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ പട്ടിക.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത് യു.എ.ഇലാണ്. 33.1 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യു.എ.ഇയിലുള്ളത്. 2000-ത്തില്‍ ഇത് 978,992 പേരായിരുന്നു. രണ്ടാമതുള്ളത് അമേരിക്കയിലാണ്. 23 ലക്ഷം ഇന്ത്യക്കാരുണ്ട് യു.എസില്‍. 2000-ത്തില്‍ 10.4 ലക്ഷം പേരായിരുന്നു ഉള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം 89 ലക്ഷം ഇന്ത്യക്കാരുണ്ട്. സൗദി അറേബ്യയില്‍ 22.7 ലക്ഷവും ഒമാനില്‍ 12 ലക്ഷവും കുവൈത്തില്‍ 11.6 ലക്ഷം പ്രവാസികളുമാണ് ഉള്ളത്.
മറ്റുരാജ്യങ്ങളിലാകെ 52 ലക്ഷം ഇന്ത്യക്കാരുണ്ട്.

60 ശതമാനം ഇന്ത്യക്കാരും കുടിയേറിയിട്ടുള്ളത്‌ വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലേക്കാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.യൂറോപ്പില്‍ 13 ലക്ഷം ഇന്ത്യക്കാരുണ്ട്. ബ്രിട്ടണില്‍ 836,524 പേരുണ്ട്. കാനഡയില്‍ 602,144 ഉം ഓസ്‌ട്രേലിയയില്‍ 90,719 ഉം ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഉള്ളത്. 2000-ല്‍ 408,880 ഇന്ത്യക്കാരെ ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നുള്ളൂ.എന്നാൽ നിലവിലെ സാഹചര്യം കുടിയേറ്റം ദുഷ്ക്കരമാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.