കാലിത്തീറ്റ കുംഭകോണം: മൂന്നാമത്തെ കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി;ശിക്ഷ പിന്നീട്

ന്യൂഡല്‍ഹി:കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ സി.ബി.ഐ കോടതി.

കാലിത്തീറ്റ അഴിമതിയില്‍ ആറ് കേസുകളാണ് ലാലുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഇപ്പോള്‍ തെളിയിക്കപ്പെട്ട മൂന്നാമത്തെ കേസില്‍ ലാലുവിനുള്ള ശിക്ഷ പിന്നീട് വിധിക്കും.

1991-1992 കാലഘട്ടത്തില്‍ ട്രഷറിയില്‍ നിന്നും കൃത്രിമ രേഖകള്‍ ചമച്ച് 33.67 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. 7.10 ലക്ഷം രൂപ പിന്‍വലിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍, വ്യാജ രേഖകള്‍ ചമച്ച് അധികതുക പിന്‍വലിച്ചതിന് എതിരെയാണ് കേസ്. കേസില്‍ ആകെ 56 പ്രതികളാണുള്ളത്.

കുറ്റക്കാരനന്ന് കണ്ടെത്തിയ ആദ്യ കേസില്‍, അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയുമായിരുന്നു ശിക്ഷിച്ചത്. രണ്ടു മാസം ജയിലില്‍ കിടന്ന ശേഷം സുപ്രീംകോടതി പിന്നീട് ലാലുവിന് ജാമ്യം അനുവദിക്കുകയായിരുന്നു.
കുംഭകോണത്തിലെ രണ്ടാം കേസില്‍ 82.42 ലക്ഷം രൂപ പിന്‍ലിച്ചെന്ന കേസില്‍ മൂന്നരവര്‍ഷം തടവിനായിരുന്നു ലാലു ശിക്ഷിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ബിര്‍സമുണ്ട ജയിലിലാണ് ലാലുവും കൂട്ടരും ഇപ്പോള്‍.