പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി ജീവനൊടുക്കി; കെഎസ്ആര്‍ടിസി വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ എത്തിയ ശേഷമായിരിക്കും യോഗം. ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നു രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണു ജീവനൊടുക്കിയത്.നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷംകഴിച്ചനിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.
ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.ധാരണപ്രകാരം സഹകരണ വകുപ്പ് നല്‍കുന്ന 284 കോടിരൂപ ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കാനാണ് ശ്രമം. എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പായി പെന്‍ഷന്‍ വിതരണം ചെയ്യണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.