തുറിച്ചു നോക്കണ്ട ; അമ്മമാര്‍ക്ക് മുലയൂട്ടാന്‍ മുറികള്‍ ഒരുക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍

കൊല്ലം : മുലയൂട്ടല്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന സമയം തന്നെ അമ്മമാര്‍ക്ക് മുലയൂട്ടാന്‍ പ്രത്യേക മുറികള്‍ ഒരുക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള ക്യാബിന്‍ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലുമെത്തിക്കുന്ന റോട്ടറി ക്ലബ്ബിന്റെ മുലയൂട്ടല്‍ ക്യാബിന്‍ പദ്ധതിക്ക് കൊല്ലത്ത് തുടക്കമായി. റെയില്‍വേയുടെ സഹകരണത്തോടെയാണ് റോട്ടറി ക്ലബ്ബ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്നനിലയില്‍ കൊല്ലം െറയില്‍വേ സ്റ്റേഷനില്‍ റോയല്‍ സിറ്റി നല്‍കിയ രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചത്.

പിങ്ക് നിറത്തിലുള്ള ക്യാബിനുള്ളില്‍ അമ്മയ്ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഫാനും ലൈറ്റും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മുലയൂട്ടുന്നതിന്റെ ചിത്രവും ക്യാബിന് പുറത്തായി വരച്ചുചേര്‍ത്തിട്ടുണ്ട്. അമ്പതിനായിരം രൂപ മുതല്‍മുടക്കിലാണ് രണ്ട് ക്യാബിനുകള്‍ റോയല്‍ സിറ്റി സജ്ജമാക്കിയത്. ബസ് സ്റ്റാന്‍ഡുകളില്‍ ക്യാബിനുകള്‍ സ്ഥാപിക്കണമെന്ന് ആലോചിച്ചിരുന്നെങ്കിലും സുരക്ഷാ ജിവനക്കാരില്ലാത്തതിനാല്‍ പലയിടത്തും ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത മനസ്സിലാക്കിയാണ്‌ െറയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുത്തതെന്ന് കൊല്ലം റോയല്‍ സിറ്റി പ്രസിഡന്റ് പ്രകാശന്‍ പിള്ള പറഞ്ഞു.