തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെ അജ്ഞാതന്റെ അക്രമം. പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു. രാവിലെ എട്ടരയോടെ പ്രതിമയുടെ മുകളില്‍ കയറിയ കാവി വസ്ത്ര ധാരിയായ അജ്ഞാതന്‍ ഗാന്ധിജിയുടെ കണ്ണടയും മാലയും നശിപ്പിക്കുകയായിരുന്നു. പിന്നീടു പ്രതിമയില്‍ അടിക്കുകയും ചെയ്ത ശേഷം ഇയാള്‍ ഇറങ്ങിപ്പോയി. ഇയാള്‍ നടന്നുപോകുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

രാജ്യവ്യാപകമായി ‘പ്രതിമ തകര്‍ക്കല്‍ പരമ്പര’ അരങ്ങേറുന്നതിനാല്‍ പൊലീസ് ജാഗ്രതയിലാണ്.
താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച് പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.