ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഡാളസ് മഹാത്മാഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു

ഡാളസ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡാളസില്‍ അമേരിക്കയിലെ ഏറ്റവും വലിയ മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ച് രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. മെയ് ആറാം തീയതി ശനിയാഴ്ച മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ് ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കര, അംഗങ്ങളായ റാവു കല്‍വായ, എം.വി.എല്‍ പ്രസാദ്, പീയൂഷ് പട്ടേല്‍ എന്നിവരുമായാണ് മുഖ്യമന്ത്രി പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നത്.

റവന്യൂ വകുപ്പ് മന്ത്രി യാനുമല രാമകൃഷ്ണന്‍, ആന്ധ്രാപ്രദേശ് മീഡിയ അഡൈ്വസര്‍ പി. പ്രഭാകര്‍, സിഇഒ ഡോ. രവി തുടങ്ങി നിരവധി വകുപ്പ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ, പ്രത്യേകിച്ച് ആന്ധ്രാ സംസ്ഥാനത്തുനിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ മുഖ്യപങ്കുവഹിക്കുന്നതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഇര്‍വിംഗ് സിറ്റിയുമായി സഹകരിച്ച് ഇത്രയും മനോഹരമായ മഹാത്മാഗാന്ധി പാര്‍ക്ക് നിര്‍മിക്കുവാന്‍ നേതൃത്വം നല്‍കിയ ഡോ. പ്രസാദ് തോട്ടക്കര, കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ അനുമോദിക്കുന്നതിനും മുഖ്യമന്ത്രി മറന്നില്ല. ജോണ്‍ ഹാമണ്ട്, ഗസ്നം മോഡ്ഗില്‍, ജാക്ക് ഗോസ്പായനി, സാല്‍മാന്‍, കമല്‍ കൗശല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആന്ധ്രാപ്രദേശില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവാസികളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം ചെയര്‍മാന്‍ മുഖ്യമന്ത്രിയ ഏല്‍പിച്ചു.