പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിക്ക് വിവാഹം ; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വിവാഹം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. അടൂര്‍ ഏനാത്ത് കന്നിമല സ്വദേശിയായ 17വയസ്സുകാരിയെ 30 വയസ്സുകാരനുമായി വിവാഹം ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയടക്കം മൂന്നു പേര്‍ പോലീസ് പിടിയിലായി. ആരും അറിയാതെ തിങ്കളാഴ്ച്ച ഗുരുവായൂരില്‍ വെച്ച് രഹസ്യമായി വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം .

ഇതിനായി ഹോട്ടല്‍ മുറിയും ബസ്സും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏനാത്ത് എസ്‌ഐ ഗോപകുമാര്‍ വിവാഹം തടയുകയായിരുന്നു. പൂതങ്കര സ്വദേശിയായ 30കാരനുമായാണ് കുട്ടിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. വരനും പെണ്‍കുട്ടിയുടെ അമ്മയും രണ്ടാനച്ഛനുമാണ് അറസ്റ്റിലായത്. ഏഴ് മാസം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.